ന്യൂഡൽഹി : എച്ച്എംപിവി വൈറസ് ബാധ ഇന്ത്യയിൽ സ്ഥിരീകരിച്ചു . കർണാടക ആരോഗ്യ വകുപ്പ്. ബെംഗളൂരുവിൽ മൂന്നുമാസം പ്രായമുള്ള കുട്ടിക്കും എട്ടുമാസം പ്രായമുള്ള കുട്ടിക്കും വൈറസ് സ്ഥിരീകരിച്ചെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികൾക്കു വിദേശയാത്രാ പശ്ചാത്തലമില്ല.പരിശോധനയിൽ കുട്ടികൾ പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ കർണാടക സർക്കാർ അറിയിച്ചു
വൈറസ് ഏത് വർഗത്തിൽ പെട്ടതാണെന്നത് സംബന്ധിച്ച് കൂടുതൽ പഠനം നടക്കുകയാണ്. ചൈനയിൽ ഇപ്പോൾ വ്യാപകമായ അതേ വർഗ്ഗത്തിലുള്ള എച്ച്എംപിവി വൈറസ് തന്നെയാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്. ചൈനയിൽ രോഗം പടർന്ന് പിടിക്കുന്നതായും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകൾ വരുന്നുണ്ട്.
ഇൻഫ്ലുവൻസ എ, ന്യൂമോണിയ, കൊവിഡ് എന്നിവയൊക്കെ അതിവേഗം പടരുന്നതായാണ് വാർത്തകൾ. കുട്ടികളെയും പ്രായുള്ളവരെയുമാണ് ഈ വൈറസ് അതിവേഗത്തിൽ ബാധിക്കുന്നതെന്നാണ് വിവരം. ജലദോഷം, ചുമ, പനി, തുമ്മൽ എന്നീ രോഗങ്ങളായാണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്.
ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. എച്ച്എംപിവിയെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2001 ലാണ് നെതർലാൻ്റ്സിലെ ഗവേഷകർ ആദ്യമായി എച്ച്എംപിവി തിരിച്ചറിഞ്ഞത്. വലിയ ശ്വാസകോശ അണുബാധയുടെ ഒരു പ്രധാന കാരണമാണ് ഈ വൈറസ് എന്ന് അമേരിക്കൻ ലംഗ് അസോസിയേഷൻ അഭിപ്രായപ്പെടുന്നു. യുഎസിൽ ശൈത്യകാലത്തും വസന്തകാലത്തും ഈ വൈറസ് സാധാരണയിൽ കൂടുതൽ വ്യാപിക്കാറുണ്ട്.
വൈറസ് ബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ചുമ, തുമ്മൽ എന്നിവയിലൂടെയോ ഇത് പടരുന്നു. ചുമ, പനി, മൂക്കൊലിപ്പ് തൊണ്ടവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ചിലർക്ക് ശ്വാസതടസ്സവും അനുഭവപ്പെടാറുണ്ട്.