അറ്റ്ലാന്റ: ആവേശകരമായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ആദ്യ പകുതിയിൽ മെസി പാഴാക്കിയ പെനാൽറ്റിക്ക് പുറമേ, 2 ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തകർപ്പൻ ജയം. അവസാന 13 മിനിറ്റിലാണ് അർജന്റീന മൂന്ന് ഗോളുകളും നേടിയത്.
മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ യാസര്‍ ഇബ്രാഹിമിന്റെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ഈജിപ്ത് ആദ്യ ഗോൾ നേടിയത്. 19-ാം മിനുറ്റില്‍ മക് അലിസ്റ്ററിനെ ഈജിപ്ത് താരങ്ങള്‍ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാൽ കിക്കെടുത്ത മെസിക്ക് പിഴച്ചു. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മെസി പെനാല്‍റ്റി പാഴാക്കുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരെയായിരുന്നു ആദ്യം മെസി പെനാൽറ്റി പാഴാക്കിയത്.
പിന്നീട് ഉണർന്ന് കളിച്ച അർജന്റീന സമനില കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും കരുത്തുറ്റ ഈജിപ്ഷ്യൻ പ്രതിരോധ നിരയും ഗോൾ കീപ്പറും വഴങ്ങിയില്ല. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുമ്പോൾ ഈജിപ്ത് 1-0ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ കളിച്ച ഈജിപ്ത് 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയുടെ ഗോളിലൂടെ ലീഡ് ഉയർത്തി. പിന്നീട് കൈമെയ് മറന്ന് പൊരുതിയ അർജന്റീന, ഈജിപ്ഷ്യൻ പ്രതിരോധത്തിന്റെ ആലസ്യം മുതലാക്കി 78-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. മെസിയുടെ പാസിൽ റൊമേരോയുടെ മനോഹരമായ ഹെഡ്ഡർ ഈജിപ്ഷ്യൻ വല കുലുക്കുകയായിരുന്നു.
അവസാന നിമിഷങ്ങളിലെ നിർണായക നീക്കങ്ങൾക്കൊടുവിൽ 83-ാം മിനിറ്റിലെ മെസിയുടെ അതിമനോഹരമായ ഗോളിലൂടെ അർജന്റീന സമനില പിടിച്ചു. 92-ാം മിനിറ്റിൽ ലൗട്ടാരോയുടെ പാസില്‍ എൻസോ ഫെർണാണ്ടസും സ്കോര്‍ ചെയ്തതോടെ ഈജിപ്തിന്റെ പെട്ടിയിലെ അവസാന ആണിയും തറയ്ക്കപ്പെട്ടു.

