ബിർമിംഗ്ഹാം: ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 587 റൺസ് അടിച്ച് കൂട്ടി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ, 3 വിക്കറ്റിന് 77 റൺസ് എന്ന നിലയിലാണ് ആതിഥേയർ.
രണ്ടാം ദിനം ജഡേജക്കൊപ്പം ഇന്നിംഗ്സ് പുനരാരംഭിച്ച ഗിൽ ക്ലാസിക് ഗെയിമിലൂടെ ഇംഗ്ലീഷ് ബൗളർമാരെ പ്രഹരിച്ചു. ഗില്ലിനൊപ്പം 203 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തിയർത്തിയ ജഡേജ, 89 റൺസ് എടുത്തു. പിന്നാലെ വന്ന വാഷിംഗ്ടൺ സുന്ദറും 42 റൺസുമായി ക്യാപ്ടന് മികച്ച പിന്തുണ നൽകി. ഇരട്ട സെഞ്ച്വറിയിലേക്കും പിന്നാലെ ഒരു പിടി റെക്കോർഡുകളിലേക്കും പാഞ്ഞടുത്ത ഗിൽ 269 റൺസ് എടുത്താണ് പുറത്തായത്. നേരത്തെ, ആദ്യ ദിനം ഓപ്പണർ യശസ്വി ജയ്സ്വാൾ 87 റൺസെടുത്തിരുന്നു. മലയാളി താരം കരുൺ നായർ 31 റൺസെടുത്തും പുറത്തായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നർ ഷോയബ് ബഷീർ 3 വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സും ജോഷ് ടംഗും 2 വിക്കറ്റുകൾ വീതവും, ബ്രൈഡൻ കാഴ്സും ബെൻ സ്റ്റോക്സും ജോ റൂട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ പേസർമാർ തുടക്കത്തിൽ മികച്ച പേസും മൂവ്മെന്റും കണ്ടെത്തി. തുടരെ രണ്ട് പന്തുകളിൽ ഓപ്പണർ ബെൻ ഡക്കറ്റിനെയും ഒലീ പോപ്പിനെയും പൂജ്യത്തിന് മടക്കി ആകാശ്ദീപ് ആതിഥേയരെ ഞെട്ടിച്ചു. 19 റൺസെടുത്ത ഓപ്പണർ സാക് ക്രോളിയെ സിറാജും പുറത്താക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 25 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ അവരെ 30 റൺസുമായി ബാറ്റിംഗ് തുടരുന്ന ഹാരി ബ്രൂക്കും 18 റൺസെടുത്ത റൂട്ടും ചേർന്ന് കാര്യമായ പരിക്ക് പറ്റാതെ രക്ഷിച്ചെടുക്കുകയായിരുന്നു.

