കൊൽക്കത്ത ; ജയ് ശ്രീ റാം വിളിക്കുന്ന രോഗികൾക്ക് കൺസൾട്ടേഷൻ ഫീസിൽ 500 രൂപ ഡിസ്കൗണ്ട് നൽകുമെന്ന ഡോക്ടറുടെ ഓഫർ ബംഗാളിൽ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തുന്നു. കാർഡിയോളജിസ്റ്റ്, ഡോ. പ്രകാശ് കുമാർ ഹസ്രയാണ് തന്റെ ക്ലിനിക്കിൽ എത്തുന്ന രോഗികൾക്കായി പ്രത്യേക ഓഫർ നൽകിയിരിക്കുന്നത്.
ക്യുആർ കോഡിനൊപ്പമാണ് ഈ ഓഫറിന്റെ വിവരം പുറത്തു വിട്ടിരിക്കുന്നത്. “പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും എനിക്ക് പ്രചോദനം നൽകുന്നു. ജയ് ശ്രീറാം ഒരു മതപരമായ മുദ്രാവാക്യമല്ല. അതൊരു രാഷ്ട്രീയ മുദ്രാവാക്യമാണ്,” എന്നാണ് ഹസ്ര പറയുന്നത്.
മാത്രമല്ല ഇത് ഒരു സന്നദ്ധ സംരംഭം എന്ന നിലയിലാണ് താൻ കാണുന്നതെന്നും, ആ പോസ്റ്റ് ഇട്ടത് തികച്ചും ശരിയാണെന്നുമാണ് ഹസ്ര പറയുന്നത്. താൻ ആളുകളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്.അതിൽ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.മൂന്ന് പതിറ്റാണ്ടോളം പരിചയസമ്പന്നനായ മുതിർന്ന കാർഡിയോളജിസ്റ്റാണ് ഹസ്ര.
“ബിദാൻ ചന്ദ്ര റോയ് പ്രശസ്തനായ ഡോക്ടറും, കോൺഗ്രസ് മുഖ്യമന്ത്രിയുമായിരുന്നു. ചില ഡോക്ടർമാർ ‘ലാൽ സലാം’ എന്ന് പറയുന്നു. പിന്നെ എനിക്ക് എന്തുകൊണ്ട് ‘ജയ് ശ്രീ റാം’ എന്ന് പറയാൻ കഴിയില്ല. ഞാൻ ദിവസവും കാണുന്ന ഏകദേശം 40 രോഗികളിൽ പകുതി പേരെയും ഞാൻ സൗജന്യമായി ചികിത്സിക്കുന്നു. വിവേചനം ഉണ്ടായിരുന്നുവെങ്കിൽ ഇത് എങ്ങനെ സാധ്യമാകും .“ എന്നും അദ്ദേഹം ചോദിക്കുന്നു.

