തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ തിരുവല്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സർക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി സബ് ഇൻസ്പെക്ടർ കൃഷ്ണമോഹനെയാണ് സസ്പെൻഡ് ചെയ്തത്.
ഔദ്യോഗിക ഡ്യൂട്ടിയിലില്ലാതിരുന്നിട്ടും പ്രധാനമന്ത്രിയെ കാണാൻ കൃഷ്ണമോഹൻ എത്തിയിരുന്നു . എന്നാൽ, ചടങ്ങിൽ പ്രവേശിക്കാൻ അദ്ദേഹത്തിന്റെ പക്കൽ ഔദ്യോഗിക പാസ് ഉണ്ടായിരുന്നില്ല. പാസ് ഇല്ലാതെ പരിപാടിയിലേക്ക് കടക്കാൻ ശ്രമിച്ച കൃഷ്ണമോഹൻ തിരുവല്ല സിഐ തടഞ്ഞു. കുഴപ്പങ്ങൾ സൃഷ്ടിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥർ കൃഷ്ണമോഹനോട് ആവശ്യപ്പെട്ടു.
എന്നാൽ, തുടർന്നുണ്ടായ തർക്കം ആക്രമണത്തിലേക്ക് നയിച്ചു,കൃഷ്ണമോഹൻ സിഐയെ കൈയേറ്റം ചെയ്തു. സംഭവത്തെത്തുടർന്ന്, കൃഷ്ണമോഹനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃഷ്ണമോഹൻ തിരുവനന്തപുരത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന് മനസിലായതും അക്രമത്തിനു ശേഷമാണ്.

