ന്യൂ ഡൽഹി: ഐസിസിയുടെ 20206 മാർച്ചിലെ താരമായി ഇന്ത്യൻ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച സഞ്ജുവിന്റെ തകർപ്പൻ ഫോം പരിഗണിച്ചാണ് ബഹുമതി.
ടൂർണമെന്റിന്റെ നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയർന്ന സഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ് ട്വന്റി 20 ലോകകപ്പ് നിലനിർത്തുന്നതിൽ ഇന്ത്യക്ക് സഹായകമായ പ്രധാന ഘടകം. ആദ്യ ഘട്ടത്തിൽ നിറം മങ്ങിയ സഞ്ജു, സൂപ്പർ 8 ഘട്ടത്തിലാണ് ഫോമിലേക്ക് ഉയർന്നത്. പിന്നീട് സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ടീമിന്റെ നെടുംതൂൺ ആയി മാറുന്ന സഞ്ജുവിനെയാണ് ആരാധകർ കണ്ടത്.
സിംബാബ്വെക്ക് എതിരായ മത്സരത്തിൽ 24 റൺസ് നേടി പതിയെ തുടങ്ങിയ സഞ്ജു, വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസുമായി ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ചു. സെമിയിൽ ഇംഗ്ലണ്ടിനെതിരെ വാംഖഡെയിൽ 89 റൺസ് നേടി ഇന്ത്യയുടെ ഫൈനൽ പ്രവേശനം സുഗമമാക്കി.
ഫൈനലിൽ ന്യൂസിനഡിനെതിരെയും തകർപ്പൻ ബാറ്റിംഗിലൂടെ 89 റൺസ് അടിച്ചുകൂട്ടിയ ഈ മുപ്പത്തിയൊന്നുകാരൻ, ഇന്ത്യയുടെ കിരീടധാരണം അനായാസമാക്കി. 137.50 ശരാശരിയിൽ, ഇരുന്നൂറിനടുത്ത് പ്രഹരശേഷിയിൽ മാർച്ചിലെ സുപ്രധാനമായ മൂന്ന് മത്സരങ്ങളിൽ നിന്നുള്ള താരത്തിന്റെ സംഭാവന 275 റൺസാണ്. ഇത് ടി20 ഫോർമാറ്റിലെ അദ്ദേഹത്തിന്റെ ആധിപത്യത്തിന് നിദാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പരിഗണിക്കുകയായിരുന്നു.
ഐസിസിയുടെ പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരം നേടുന്നത് തികച്ചും സന്തോഷകരമായ അനുഭവമാണെന്ന് സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയമായ ഘട്ടമാണ്. ഇന്ത്യൻ ട്വന്റി 20 ലോകകപ്പ് വിജയത്തിന്റെ ഭാഗമാകുക എന്നത് സ്വപ്നതുല്യമായ നേട്ടമാണ്. മികച്ച പ്രകടനം കാഴ്ചവെക്കാൻ അവസരം ഒരുക്കിയ സഹതാരങ്ങൾക്കും കോച്ചിംഗ് സ്റ്റാഫിനും ഈ അവസരത്തിൽ പ്രത്യേക നന്ദി അറിയിക്കുകയാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

