ചെന്നൈ: വിജയ്യുടെ പുതിയ ചിത്രം ‘ജന നായകൻ’ വ്യാജ പതിപ്പ് കേബിൾ ചാനലിൽ സംപ്രേഷണം ചെയ്തു. ഏപ്രിൽ 11 ന് കോയമ്പത്തൂരിലെ പ്രാദേശിക കേബിൾ ചാനലിലാണ് ചിത്രം നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തത് . സംഭവത്തിൽ ചാനൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഓൺലൈനിൽ സിനിമ പ്രചരിക്കുന്നതായുള്ള അന്വേഷണത്തിനിടയിലാണ് ചിത്രം കേബിൾ ചാനലിൽ സംപ്രേഷണം ചെയ്തത്.
കോയമ്പത്തൂരിലെ കരുമത്തംപട്ടി സ്വദേശിയും ‘രാസി പ്രൈം മൂവി’ എന്ന ചാനലിന്റെ ഉടമയുമായ എസ് പളനിസാമി (44) ആണ് അറസ്റ്റിലായത്. വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹന പ്രിയ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
പരാതി ലഭിച്ചയുടനെ, കോയമ്പത്തൂർ ജില്ലാ പോലീസ് സൂപ്രണ്ട് കെ കാർത്തികേയൻ സംഭവം അന്വേഷിക്കാൻ രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. അന്വേഷണത്തിൽ, ചിത്രം നിയമവിരുദ്ധമായി ലഭിച്ചതാണെന്നും സംപ്രേഷണം ചെയ്തതായും പോലീസ് കണ്ടെത്തി. പളനിസാമിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാനൽ ഓഫീസിൽ നിന്ന് കമ്പ്യൂട്ടറുകൾ, അഞ്ച് ഹാർഡ് ഡിസ്കുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
ഓഫീസ് സീൽ ചെയ്തു. ഏപ്രിൽ 9 ന് ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ചോർന്നിരുന്നു. ഇതിനെത്തുടർന്ന്, തമിഴ്നാട് സൈബർ ക്രൈം ബ്രാഞ്ച് ആറ് പേരെ അറസ്റ്റ് ചെയ്യുകയും വിവിധ വെബ്സൈറ്റുകളിൽ നിന്ന് സിനിമയുടെ 300 ലധികം നിയമവിരുദ്ധ ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തു.

