ബെൽഫാസ്റ്റ്: ലോഫ് നീഗ് തടാകത്തിന്റെ രക്ഷയ്ക്കായി വിവിധ പാർട്ടികളുടെ ഒന്നിച്ചുള്ള ഇടപടെൽ വേണമെന്ന് ആവശ്യം. തടാകത്തിൽ ബ്ലൂ- ഗ്രീൻ ആൽഗകൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. തടാകം സംരക്ഷിക്കുന്നതിനായി അടിയന്തിര നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് തടാകം ഉള്ളതെന്ന് ലോഫ് നീഗ് പാർട്ട്ണർഷിപ്പിന്റെ ചെയർമാൻ ഗാരി മക്കർലൈൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ചൂടുള്ള കാലാവസ്ഥ സ്ഥിതി രൂക്ഷമാക്കി. ലോഫ് നീഗിലേത് ഒരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ല. മറിച്ച് കാലാവസ്ഥയെ സംബന്ധിക്കുന്ന കാര്യം കൂടിയാണ്. അതുകൊണ്ടാണ് ലോഫ് നീഗിന്റെ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഒന്നിച്ചുള്ള പങ്കാളിത്തം ആവശ്യപ്പെടുന്നത് എന്നും ഗാരി കൂട്ടിച്ചേർത്തു.

