വീട്ടുമുറ്റത്ത് വിടർന്ന് നിൽക്കുന്ന ചുവന്ന റോസാപുഷ്പങ്ങൾ ആരുടെയും മനസ് നിറയ്ക്കും. ചുവപ്പ് മാത്രമല്ല കേട്ടോ, മഞ്ഞയും , വെള്ളയും, ഇളം റോസുമൊക്കെ വിടർന്ന് തുടുത്ത് നിൽക്കുന്നത് കാണാൻ തന്നെ ചന്തമാണ് . എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കറുത്ത റോസാ പുഷ്പങ്ങൾ . വളരെ വിരളമായി മാത്രമേ ഇവ കാണാനാകൂ.
തുർക്കിയിലെ ഉൾനാടൻ ഗ്രാമമായ ഹൽഫേതിയാണ് കറുത്ത റോസകളുടെ സ്വദേശം . ലോകത്ത് മറ്റൊരിടത്തും ഇവ കാണാനാകില്ല. വേനലിൽ മാത്രം പൂക്കുന്ന ഇവയ്ക്ക് ഇരുണ്ട കറുപ്പ് നിറമാണുള്ളത്.ഈ പ്രദേശത്തെ മണ്ണിന്റെ പ്രത്യേകതയും, യൂഫ്രട്ടീസ് നദിയിലെ ഭൂഗർഭജലവും , എക്കലുമാണ് ഈ പൂക്കൾക്ക് ഈ നിറം നൽകുന്നത് . ഇവയുടെ മൊട്ടുകൾക്ക് പോലും ഇരുണ്ട ചുവപ്പ് നിറമാണ്.
ഇവിടുത്തെ ഗ്രാമവാസികൾ ഇവയെ കണ്ടിരുന്നത് ദുരൂഹതയുടെയും , അശുഭ വാർത്തകളുടെയും പ്രതീകമായാണ്. എന്നാൽ ഇന്ന് ഈ കറുത്ത റോസാ പൂക്കൾ വംശനാശ ഭീഷണി നേരിടുകയാണ്. 90കളിൽ ഹൽഫേതി ഗ്രാമത്തിൽ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ച് ഗ്രാമവാസികൾ ഒഴിഞ്ഞ് പോയപ്പോൾ കറുത്ത റോസാ ചെടികളും നശിച്ചു. ശേഷിച്ചവയാകട്ടെ പൂവിടാനും തയ്യാറായില്ല. ഇന്ന് അധികൃതർ ഇവയെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ പോലും നടപ്പാക്കുന്നുണ്ട്.