തിരുവനന്തപുരം : 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപിക്ക് കയ്യിലുണ്ടായിരുന്നത് വെറും ഏഴ് സീറ്റുകള്‍ മാത്രം. 2020 ൽ കിട്ടിയത് 35 സീറ്റുകൾ . അവിടെ നിന്നും വർഷങ്ങൾ നീണ്ട പോരാട്ടം . ഇന്ന് അത് എത്തിനിൽക്കുന്നത് തലസ്ഥാനനഗരിയുടെ അമരത്തേയ്ക്ക് .
പറഞ്ഞ് പഴകിയ വികസനവാക്കുകളല്ല , മറിച്ച് ഉറപ്പുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വച്ചത് . കൃത്യമായ സ്ഥാനാർത്ഥികളും, പ്രചാരണവും, ഒരിടത്തും പിഴവുണ്ടായില്ല. ഭരണ വിരുദ്ധതരംഗവും ചേർന്നപ്പോൾ അനന്തപുരിയിൽ താമര വിരിഞ്ഞു.
തലസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വിമാനമിറങ്ങുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കാന്‍ ഒരു ബിജെപി മേയര്‍ എത്തുന്നത് കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിയുടെ സ്വപ്നമാണ്. 7 സീറ്റില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് കേരളത്തിന്റെ തലസ്ഥാന നഗരം ഭരിക്കാനുള്ള ശക്തിയായി മാറിയതിന് പിന്നില്‍ ചിട്ടയായ പ്രവര്‍ത്തനത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയുണ്ട്.
വിഴിഞ്ഞം തുറമുഖം, അനുബന്ധ വികസനം, തിരുവനന്തപുരം മെട്രോ റെയില്‍ എന്നിങ്ങനെ നഗരവാസികളുടെ പള്‍സ് മനസ്സിലാക്കിയുള്ള പ്രചാരണമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി നടത്തിയത്
പ്രവർത്തന മികവും, ജനപരിചയവും ഒത്തുചേർന്നവരെയാണ് ബിജെപി അങ്കത്തിനിറക്കിയത് . ശ്രീലേഖയും, വിവി രാജേഷും അടക്കമുള്ളവരെ ജനം നെഞ്ചേറ്റിയതോടെ 50 സീറ്റുകൾ എൻ ഡിഎ കൈപ്പിടിയിൽ ഒതുക്കി.

