കൊച്ചി: മതമൗലികവാദികളുടെ ഭീഷണികളെയും സൈബർ ആക്രമണങ്ങളെയും അതിജീവിച്ച ചിത്രം രാമനും കദീജയും പ്രേക്ഷകരിലേക്ക് എത്തുന്നു. ദിനേശ് പൂച്ചക്കാടാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. കേരളത്തിലെ വർത്തമാന സാഹചര്യത്തിൽ, ദുരഭിമാനപ്പോരിനിടയിൽ പെട്ടു പോകുന്ന യുവമിഥുനങ്ങളുടെ കഥ, ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മതങ്ങളുടെ പേരിൽ മുതലെടുപ്പു നടത്തിപ്പോരുന്നവരുടെ ഇടയിൽ നിന്നും ശക്തമായ ഭീഷണികളാണ് തനിക്കു നേരിടേണ്ടി വന്നതെന്ന് സംവിധായകനായ ദിനേശ് പൂച്ചക്കാട് വ്യക്തമാക്കി.
സാമൂഹികമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ച ചിത്രമാണ് രാമനും കദീജയും. സമൂഹത്തിൻ്റെ ജീർണ്ണതയുടെ ഒരു നേർക്കാഴ്ച്ച കൂടിയായിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. താരപ്പൊലിമയേക്കാളുപരി കെട്ടുറപ്പുള്ള കഥയുടെ പിൽബലമാണ് ചിത്രത്തിൻ്റെ അടിത്തറയെന്നും അവർ വ്യക്തമാക്കുന്നു.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ഡോ. ഹരിശങ്കറും, അപർണയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ രാമനേയും കദിജയേയും അവതരിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി.ടി.എൻ, ഊർമ്മിള വൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ, സതീഷ് കാനായി, ടി.കെ. നാരായണൻ, ഡി .വൈ.എസ്.പി ഉത്തംദാസ് (മേൽപ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുമുള്ള നൂറ്റിയമ്പതോളം കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾ -ദിനേശ് പൂച്ചക്കാട്,ഹാരിസ് തളിപ്പറമ്പ്, സംഗീതം- ഷാജി കാഞ്ഞങ്ങാട് ശ്രീശൈലം രാധാകൃഷ്ണൻ, പശ്ചാത്തല സംഗീതം, സുദർശൻ. പി, ഛായാഗ്രഹണം – അഭിരാം സുദിൽ, ശ്രീജേഷ് മാവില, എഡിറ്റിംഗ് – അമൽ, കലാ സംവിധാനം. മൂർധന്യ, മേക്കപ്പ് – ഇമ്മാനുവൽ അംബ്രോസ്, കോസ്റ്റ്യൂം ഡിസൈൻ – പുഷ്പ’, നിശ്ചല ഛായാഗ്രഹണം – ശങ്കർ ജി, വൈശാഖ് മേലേതിൽ, നിർമ്മാണ നിർവ്വഹണം – ഹരിഹരൻ പൂച്ചക്കാട്, എബിൻ പാലന്തലിക്കൽ, പിആർ ഓ – വാഴൂർ ജോസ്.
ഈ മാസം അവസാനം രാമനും കദീജയും പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.