ഇന്ത്യൻ സിനിമാ സംവിധായകരിൽ സൂപ്പർ സ്റ്റാറാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമാകെ ആരാധകരെ നേടിയെടുത്തു രാജമൗലി. ഇന്ത്യൻ സിനിമയെ പോലും തെലുങ്കിലേയ്ക്ക് എത്തിച്ച സംവിധായകൻ . എന്നാൽ പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ തനിക്ക് പ്രചോദനം നൽകിയത് നടൻ സൂര്യയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി . ഹൈദരാബാദിൽ വച്ച് നടന്ന കങ്കുവയുടെ പ്രീ-റിലീസ് ഈവന്റിലായിരുന്നു രാജമൗലിയുടെ തുറന്ന് പറച്ചിൽ.
‘ ഈ വീഡിയോയിൽ കാണിച്ചത് പോലെ ഞാൻ പാൻ- ഇന്ത്യൻ സിനിമകൾ നിർമിക്കാൻ തുടങ്ങി. എങ്കിലും ഞാൻ തുറന്ന് പറയട്ടെ, തെലുങ്ക് സിനിമയെ ആന്ധ്രയുടെയും , തെലുങ്കിന്റെയും അപ്പുറത്ത് കൊണ്ടു പോകാൻ എനിക്ക് പ്രചോദനം നൽകിയത് സൂര്യയാണ്. ഗജിനി എന്ന ചിത്രം ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സൂര്യ വലിയ പ്രമോഷൻ നടത്തിയിരുന്നു. അത് എന്നെ അത്ഭുതപെടുത്തി. സൂര്യ ഇവിടെ വന്ന് തന്റെ സിനിമ പ്രൊമോഷൻ നടത്തി . അത് ഒരു കേസ് സ്റ്റഡി പോലെ നടന്മാരോടും നിർമാതാക്കളോടും ഞാൻ പറഞ്ഞിട്ടുണ്ട്. സൂര്യ എങ്ങനെയാണോ ഇവിടെ വന്ന് ഗജിനിയ്ക്ക് വേണ്ടി വർക്ക് ചെയ്തത് . അതുപോലെ നമ്മളും ചെയ്യണം .
വർഷങ്ങൾക്ക് മുമ്പ് സൂര്യയോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. പക്ഷേ, ഞാൻ അത് നഷ്ടപ്പെടുത്തി. സൂര്യയുടെ വലിയ ആരാധകനാണ് ഞാൻ . ഒരു സംവിധായകന് പുറകേ പോകാതെ ഒരു കഥയ്ക്ക് പുറകേ പോകാൻ കാട്ടിയ ആ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും രാജമൗലി പറഞ്ഞു.