പ്രകൃതിയുടെ സൗന്ദര്യം കൊണ്ട് മാത്രമല്ല, രാഷ്ട്രീയം കൊണ്ടും കേരളത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ള നിയമസഭാമണ്ഡലമാണ് ഇടുക്കി ജില്ലയിലെ ദേവികുളം. രാഷ്ട്രീയ പോരിന്റെ പേരിൽ പലകുറി ദേവികുളം മലയാള വാർത്തമാധ്യമങ്ങളിൽ ഇടംനേടിയിട്ടുണ്ട്. 16ാം നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ എല്ലാ കണ്ണുകളും ദേവികുളത്തേയ്ക്കാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. കേരളത്തിൽ പൊടിപാറും പോരാട്ടം നടക്കുന്ന മണ്ഡലമാണ് ദേവികുളം.
ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺ വാലി, ചിന്നക്കനാൽ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ദേവികുളം നിയമസഭാമണ്ഡലം. 1957 ൽ രൂപീകൃതമായ ദേവികുളം പട്ടികജാതി സംവരണമണ്ഡലം കൂടിയാണ്.
ദേവികുളത്തിന്റെ എംഎൽഎ പദവി അലങ്കരിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും യുഡിഎഫ് സ്ഥാനാർത്ഥികൾക്കും അവസരം ലഭിച്ചിട്ടുണ്ട്. എങ്കിലും ചായ്വ്
കൂടുതൽ ഇടത്തോട്ട് ആണ്. നാല് തവണമാത്രമാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥികൾ ഇവിടെ നിന്നും വിജയിച്ചിട്ടുള്ളത്. ബാക്കിയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം മണ്ഡലം ഇടത് വശംചേർന്ന് നിന്നു.
ആദ്യ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എൻ ഗണപതിയുടെ കയ്യായിരുന്നു ദേവികുളത്തുകാർ പിടിച്ചത്. എന്നാൽ അതേവർഷം തന്നെ നടന്ന തിരഞ്ഞെടുപ്പിൽ ദേവികുളം സിപിഐ സ്ഥാനാർത്ഥി റോസമ്മ പുന്നൂസിനെ വിജയിപ്പിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം പിന്നീട് ട്രിബ്യൂണൽ റദ്ദാക്കി. ഇതോടെ 1958 ൽ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. എന്നാൽ ഉപതിരഞ്ഞെടുപ്പിലും റോസമ്മയ്ക്കൊപ്പം ദേവികുളം നിലകൊണ്ടു.
പിന്നീടുള്ള രണ്ട് തിരഞ്ഞെടുപ്പിലും ഇവിടെ നിന്നും വിജയിച്ചത് സിപിഎം സ്ഥാനാർത്ഥികളായിരുന്നു. 1982 ൽ ജി. വരദനും, 1987 ൽ എസ് സുന്ദരമാണിക്യവും ദേവികുളത്ത് നിന്നും നിയമസഭയിലെത്തി. ദേവികുളം ചെങ്കോട്ടയാണെന്ന് കരുതിയിരിക്കെയാണ് 1991 ൽ ആ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത്. ഇടത് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി യുഡിഎഫിന്റെ എ.കെ മണി വിജയിച്ചു. 1996 ലും 2001 ലും എ.കെ മണി ദേവികുളം എംഎൽഎയായി. കൈവിട്ട മണ്ഡലം തിരിച്ച് പിടിയ്ക്കാൻ 2006 വരെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് കാത്തിരിക്കേണ്ടിവന്നത്. 2006 ലെ തിരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എസ് രാജേന്ദ്രനിലൂടെയായിരുന്നു എൽഡിഎഫ് ഇത് സാധ്യമാക്കിയത്. 2016 വരെ രാജേന്ദ്രൻ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. 2021 ലെ തിരഞ്ഞെടുപ്പിൽ എ രാജ എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചു.
മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ സിറ്റിംഗ് എംഎൽഎയെ തന്നെയാണ് എൽഡിഎഫ് ഗോദയിലേക്ക് ഇറക്കിയിരിക്കുന്നത്. എ. രാജയിലൂടെ മണ്ഡലം നിലനിർത്താമെന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. ഇടത് പാളയത്തിൽ നിന്നും ബിജെപിയിലേക്ക് എത്തിയ എസ്. രാജേന്ദ്രനാണ് ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥി. എഫ് രാജയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ദേവികുളത്ത് മത്സരിക്കുന്നത്.
മൂന്ന് സ്ഥാനാർത്ഥികളുടെ പേരിലെ സാമ്യതയും ഇക്കുറി ദേവികുളത്തേയ്ക്ക് ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. മൂന്ന് രാജകളിലും ആര് ദേവികുളം പിടിയ്ക്കുമെന്ന് കണ്ട് തന്നെ അറിയാം.

