വോട്ടെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിരക്കിലാണ് ഇടുക്കിയിലെ ഓരോ സ്ഥാനാർത്ഥിയും. ഇവർക്കിടയിൽ ചുറുചുറുക്കോടെ ഓടി നടക്കുന്നഒരു കൊച്ചു സ്ഥാനാർഥിയുണ്ട്. അദീന ഭാരതി എന്ന അദീന ആൻ അലക്സ്.ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് അദീന. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ഇടുക്കി കരിങ്കുന്നം ഡിവിഷനിൽ എൻഡിഎയെ പ്രധിനിധീകരിച്ചാണ് അദീന മത്സരിക്കുന്നത്.
എബിവിപിയുടെ സമരമുഖത്തെ നായികയായ അദീന രാഷ്ട്രീയ യുദ്ധത്തിന് ഇറങ്ങുന്നത് ഇത് ആദ്യമായിട്ടാണ്. എന്നാൽ അതിന്റെ പരിഭ്രമം അദീനയ്ക്കില്ല. കാരണം കഴിഞ്ഞ നാല് വർഷക്കാലം കൊണ്ട് നേടിയെടുത്ത രാഷ്ട്രീയ അനുഭവങ്ങൾ തുണയായി ഉണ്ട്.
മൂവാറ്റുപുഴ ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ , വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ, എസ്എൻഡിപി സ്കൂൾ മൂവാറ്റുപുഴ, ചെറുതോണി കഞ്ഞിക്കുഴി എസ്എൻഡിപി സ്കൂൾ, എന്നിവിടങ്ങളിലാണ് അദീന സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം സ്വന്തമാക്കിയ അദീന
നിലവിൽ ഇവിടുത്തെ തന്നെ സംസ്കൃതം സാഹിത്യം എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.സ്കൂൾ കാലഘട്ടത്തിലാണ് അദീന രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നത്. എന്നാൽ അസാമാന്യ നേതൃപാഠവം പാർട്ടിയുടെ ചുമതലകൾ ചെറുപ്രായത്തിൽ തന്നെ സ്വന്തം കൈകളിലേക്ക് വന്ന് ചേരുന്നതിലേക്ക് നയിച്ചു. പാർട്ടി വിശ്വസിച്ച് ഏൽപ്പിച്ച എല്ലാ കർത്തവ്യങ്ങളും അദീന ഭംഗിയായി നിറവേറ്റി.
പതിനേഴാം വയസ്സിൽ യുവമോർച്ച ജില്ലാ കമ്മിറ്റി അംഗമായി.എബിവിപി മൂവാറ്റുപുഴ നഗർ കമ്മിറ്റി മെമ്പർ ,യുവമോർച്ച ഇടുക്കി ജില്ലാ വനിതാ കമ്മിറ്റി അംഗം പിന്നീട് മൂവാറ്റുപുഴ ശിവശക്തി ബാലഗോകുലത്തിന്റെ രക്ഷാധികാരി, ദുർഗ്ഗാവാഹിന്റെ പ്രഖണ്ട് സംയോജിക , ബാലഗോകുലം മൂവാറ്റുപുഴ താലൂക്ക് കാര്യദർശക്, യുവമോർച്ച ഇടുക്കി ജില്ല വനിതാ കമ്മിറ്റി കോഡിനേറ്റർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് അദീന. സംസ്ഥാന സെക്രട്ടറിയായുള്ള രണ്ടാമൂഴമാണ് അദീനയുടേത്.
മലയോര പ്രദേശമായ കരിങ്കുന്നം ഡിവിഷൻ ഇടുക്കിയുടെ പ്രധാന ടൂറിസം മേഖല കൂടിയാണ്. അതിനാൽ നിരവധി വികസന സാധ്യതകൾ ഇവിടെയുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് അദീനയുടെ ആദ്യ ലക്ഷ്യം.അതിലൂടെ നാടിന്റെ സമഗ്ര വികസനം സാധ്യമാകുമെന്ന് അദീന വിശ്വസിക്കുന്നു. കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ അവകാശപ്പെട്ടവരിലേക്ക് എത്തിക്കാനും അദീന ആഗ്രഹിക്കുന്നു. തന്നിലൂടെ നാടിന്റെ വികസനം ഉറപ്പാക്കാൻ ജനങ്ങൾ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിൽ പ്രചാരണപരിപാടികളുമായി മുന്നോട്ട് പോകുകയാണ് അദീന ഭാരതി.

