നിയമസഭാ പുനർനിർണയത്തിലൂടെ പിറവികൊണ്ട മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി. ഇതുവരെ മൂന്ന് തിരഞ്ഞെടുപ്പുകളെ മണ്ഡലം നേരിട്ടിട്ടുണ്ട്. ഇതിൽ രണ്ട് വട്ടം എൽഡിഎഫിനും ഒരു വട്ടം യുഡിഎഫിനും മണ്ഡലം അവസരം നൽകി.
2008 ലെ നിയമസഭാ പുനർനിർണയമാണ് കുറ്റ്യാടി നിയമഭാമണ്ഡലത്തിന്റെ പിറവിയ്ക്ക് കാരണം ആയത്. 2011 ൽ ഇവിടെ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. മണ്ഡലം ആദ്യമായി അവസരം നൽകിയത് എൽഡിഎഫിന് ആയിരുന്നു. പിന്നീട് ലീഗ് സ്ഥാനാർത്ഥിയും, ഇതിന് ശേഷം സിപിഎം സ്ഥാനാർത്ഥിയും മണ്ഡലത്തിൽ വിജയിച്ചു.
വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി, പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വല്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നമണ്ഡലമാണ് കുറ്റ്യാടി. കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗത്തായാണ് മണ്ഡലം സ്ഥിതി ചെയ്യുന്നത്. 2011 ലെ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 2,02,211 വോട്ടർമാർ ഉണ്ട്. നേരിയ ഭൂരിപക്ഷത്തിൽ മാത്രം സ്ഥാനാർത്ഥികൾ വിജയം കൈവരിക്കുന്ന മണ്ഡലം കൂടിയാണ് കുറ്റ്യാടി.
2011 ൽ സിപിഎമ്മിന്റെ കെ.കെ ലതിക ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 2016 ലെ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള വിജയിച്ചു. സിപിഎമ്മിന്റെ കെ.പി കുഞ്ഞമ്മദ് കുട്ടിയാണ് നിലവിലെ കുറ്റ്യാടി എംഎൽഎ. 2011 ലെ തിരഞ്ഞെടുപ്പിൽ 70,258 വോട്ടുകൾ ആയിരുന്നു കെ.കെ ലതിക നേടിയത്. രണ്ടാമതായ സിപിഎം സ്ഥാനാർത്ഥി സൂപ്പി നരിക്കാട്ടേരിയ്ക്ക് 63,286 വോട്ടുകൾ ലഭിച്ചു. 2016 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച പാറക്കൽ അബ്ദുള്ളയ്ക്ക് 71,809 വോട്ടുകൾ ലഭിച്ചു.
കെ.കെ ലതിക ആയിരുന്നു അദ്ദേഹത്തിനെതിരായി മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി. ലതികയ്ക്ക് 70,652 വോട്ടുകൾ ലഭിച്ചു. 80,143 വോട്ടുകളാണ് നിലവിലെ എംഎൽഎ കെ.പി കുഞ്ഞമദ്കുട്ടിയ്ക്ക് ലഭിച്ചത്. രണ്ടമതായി പോയ പാറക്കൽ അബ്ദുള്ളയ്ക്ക് 79,810 വോട്ടുകൾ ലഭിച്ചു. മണ്ഡലത്തിൽ ഭാഗ്യം മാത്രമാണ് തുണയാകുകയെന്ന് ഈ നേരിയ ഭൂരിപക്ഷത്തിന്റെ കണക്കുകൾ തെളിയിക്കുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർത്ഥികൾക്ക് മാറ്റമില്ല. സിറ്റിംഗ് എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടിയാണ് കുറ്റ്യാടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിന്റെ സാരഥിയായി മുസ്ലീം ലീഗിന്റെ പാറക്കൽ അബ്ദുള്ളയും മത്സരിക്കുന്നു. രാംദാസ് മണലേരിയാണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി. ഓരോ തിരഞ്ഞെടുപ്പിലും മാറിമറിഞ്ഞ ചരിത്രമാണ് കുറ്റ്യാടി നിയമസഭാമണ്ഡലത്തിന്. അതും നേരിയ ഭൂരിപക്ഷത്തിൽ. അതുകൊണ്ട് തന്നെ മണ്ഡലംപിടിയ്ക്കാൻ മൂന്ന് സ്ഥാനാർത്ഥികൾക്കും നന്നായി വിയർക്കേണ്ടിവരുമെന്ന് തീർച്ച.

