കണ്ണൂരിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കം മായാതെയാണ് പുതുവർഷത്തിലെ ആദ്യ പകലിന് തിരശ്ശീല വീഴുന്നത്. വാഹനത്തിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവർ നിസാം പറയുന്നത്. അതേസമയം, അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ഡ്രൈവർ വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. അപകട സമയത്ത് ഇയാൾ അശ്രദ്ധനായിരുന്നു എന്നതും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്നതും ഇതിൽ നിന്നും വ്യക്തമാകുന്നു.
സ്വന്തം വീഴ്ച മറയ്ക്കാനും അപകടത്തിന്റെ ഉത്തരവാദിത്തം പങ്കുവെക്കാനും വേണ്ടിയാണെങ്കിലും, ഗുരുതരമായ ചില ആരോപണങ്ങളും ആശുപത്രി കിടക്കയിൽ നിന്നും ഡ്രൈവർ നിസാം ഉന്നയിക്കുന്നുണ്ട്. സ്കൂൾ ബസിന്റെ ഫിറ്റ്നസ് ഡിസംബറിൽ തീർന്നതാണ്. ഇത് പുതുക്കാൻ പോയപ്പോള്‍ ആര്‍ടിഒ മടക്കി അയക്കുകയായിരുന്നു. ബസിന്റെ ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. പുതുക്കാൻ പോയപ്പോള്‍ തകരാറുകൾ ചൂണ്ടികാട്ടിയാണ് ആര്‍ടിഒ മടക്കി അയച്ചത്. അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞതെന്നും സ്വകാര്യ മാധ്യമത്തിനോട് ഇയാൾ വെളിപ്പെടുത്തുന്നു.
ഫിറ്റ്നസ് തീര്‍ന്ന സ്കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രിൽ വരെ നീട്ടി നൽകികൊണ്ട് ഡിസംബർ 18നണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടര്‍ന്നാണ് ഫിറ്റ്നസ് കഴിഞ്ഞിട്ടും അപകടത്തിൽപ്പെട്ട ബസ് ഓടിച്ചിരുന്നത്. ഇതേ ഗണത്തിൽ പെട്ട, ഫിറ്റ്നസ് ഇല്ലാത്ത, റോഡിൽ ഇറങ്ങിയാൽ തിരികെ സുരക്ഷിതമായി എത്തുമെന്ന് സാങ്കേതികമായി യാതൊരു ഉറപ്പും പറയാൻ കഴിയാത്ത ആയിരക്കണക്കിന് സ്കൂൾ ബസുകൾ സർക്കാർ ഉത്തരവിന്റെ മറവിൽ നമ്മുടെ കുഞ്ഞുങ്ങളെയും കൊണ്ട് പ്രതിദിനം നിരത്തുകളിലൂടെ പായുന്നു എന്ന് വേണം ഇതിൽ നിന്നും അനുമാനിക്കാൻ.
അമിത വേഗവും പരിചയക്കുറവുമാണ് അപകടത്തിൽ പെട്ട ബസിന്റെ ഡ്രൈവർ നിസാമിന്റെ ‘അധിക യോഗ്യതകൾ‘ എന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ഒരു കൈയ്യിൽ സ്റ്റിയറിംഗും മറുകൈയ്യിൽ വാട്സാപ്പുമായി യാതൊരു ഉത്തരവാദിത്തവുമില്ലാതെ വാഹനമോടിക്കുന്ന നിസാമുമാർ നിരത്തുകൾ വാഴുമ്പോൾ, ക്രിസ്മസ്- ന്യൂ ഇയർ കാലത്ത് പിരിച്ചെടുത്ത പിഴകളുടെ രസീത് കുറ്റികൾ കണ്ട് നിർവൃതിയടയുകയാണ് നമ്മുടെ അധികാരി വർഗ്ഗം.
അപകട വാർത്തകൾ പ്രബുദ്ധ മലയാളിക്ക് ഇന്ന് ശീലമായിരിക്കുകയാണ്. നെഞ്ചിൽ കൈവച്ച് ദൈവത്തെ വിളിച്ചാണ് ഡിസംബറിലെ ഓരോ അപകടവാർത്തകളോടും നമ്മൾ പ്രതികരിച്ചത്. അമിത വേഗം, പരിചയക്കുറവ്, ഡ്രൈവിംഗിനിടയിലെ മയക്കം, മദ്യപിച്ചും മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചുമുള്ള വാഹനമോടിക്കൽ, വാഹനങ്ങളുടെ ഫിറ്റ്നസ് ഇല്ലായ്മ, ഗുണനിലവാരമില്ലാത്ത റോഡുകൾ, അശ്രദ്ധ ഇങ്ങനെ നിരവധി കാരണങ്ങളാണ് ഓരോ അപകട വാർത്തകൾക്ക് പിന്നിലും അധികാരികൾ നിരത്തുന്നത്. പക്ഷേ, ഇനിയും എത്രകാലം ഇത് ഇങ്ങനെ തുടരാനാണ് ഇവരുടെ ഭാവം എന്നതാണ് ചോദ്യം. നമ്മുടെ നാട്ടിലെ കോടതികളും പൊതുജനങ്ങളും ഒരേ പോലെ ഈ ചോദ്യം ആവർത്തിക്കുകയാണ്.
അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളും അത്യുന്നത ഡ്രൈവിംഗ് സംസ്കാരവുമൊന്നും നൂലിൽ കെട്ടി ഇറക്കി നിരത്തുകളിൽ നിന്നും മരണദേവതകളെ അകറ്റണമെന്നൊന്നും ആരും ഇവിടെ വാശി പിടിക്കുന്നില്ല. നമ്മുടെ നാട്ടിലെ നിലവിലെ സാഹചര്യത്തിൽ ഇതൊക്കെ അതിമോഹങ്ങളാണ് താനും. എന്നാൽ, പുസ്തകസഞ്ചിയും കളിചിരികളും തമാശകളുമായി രാവിലെ സ്കൂളുകളിലേക്ക് ഇറങ്ങുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന്റെ സുരക്ഷയെങ്കിലും മിനിമം ഉറപ്പ് വരുത്താൻ, പതിനായിരങ്ങൾ ശമ്പളം വാങ്ങുന്ന നമ്മുടെ ഉദ്യോഗസ്ഥവൃന്ദം ഭരിക്കുന്ന സർക്കാർ സംവിധാനങ്ങൾക്ക് കഴിയണം. അതിന് ഉതകുന്ന ചട്ടങ്ങളും നിയമങ്ങളുമൊക്കെ നമ്മുടെ നാട്ടിൽ കടലാസിലെങ്കിലും നിലവിലുണ്ട്. പോരാത്തവ നിയമനിർമാണ സഭകളിൽ നിന്നും പാസാക്കി കൊണ്ടുവരാൻ ജനാധിപത്യത്തിന്റെ ചെങ്കോൽധാരികളായ പൊതുജനങ്ങൾക്കും കഴിയണം.
ഇടവഴികളിൽ പതുങ്ങി നിന്ന് ഹെൽമെറ്റ് ഇല്ലാത്തവരെ പിടിക്കാനും ഊതിച്ച് പെറ്റി അടപ്പിക്കാനും സീറ്റ് ബെൽറ്റ് ഇടാത്തവരെ പിടിക്കാനുമൊക്കെ നിങ്ങൾ കാട്ടുന്ന ശുഷ്കാന്തിയെ അംഗീകരിക്കുന്നു. കടുകിടയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത നിയമപാലനം നല്ലത് തന്നെ. എന്നാൽ, അതേസമയം നിങ്ങളുടെ ശ്രദ്ധയുടെ ഒരു ഭാഗം സ്കൂൾ ബസുകളിലും ലൈൻ ബസുകളിലും മറ്റ് വാഹനങ്ങളിലും കാൽനടയായും സ്കൂളുകളിലേക്ക് പോകുന്ന കുരുന്നുകളുടെ കാര്യത്തിലും നിശ്ചയമായും പതിയണം. അല്ലാത്ത പക്ഷം മാസാമാസം ശമ്പളം വാങ്ങി ഉണ്ണുന്ന നിങ്ങളുടെ ചോറ്റുപാത്രങ്ങളിൽ പിഞ്ച് ചോര മണക്കും. പിഞ്ചോമനകളെ നഷ്ടമായ മാതാപിതാക്കളുടെ കണ്ണീരുപ്പ് ആമാശയങ്ങളിൽ തികട്ടും. പാലക്കാട് ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ കുട്ടികളുടെ മേലേക്ക് ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചപ്പോൾ അലയടിച്ച് കെട്ടടങ്ങിയ രാഷ്ട്രീയ നാടകങ്ങൾക്കും ആദരാഞ്ജലി നേരുന്നു.