ഡബ്ലിൻ: ആധുനിക ഐറിഷ് സമൂഹത്തിന് ഈസ്റ്റെന്നാൽ അവധിയും ഈസ്റ്റർ മുട്ടകളുമെല്ലാമാണ്. പബ്ബുകൾ പോലും ഈസ്റ്റർ ആഘോഷിക്കാനായി തുറന്നിരിക്കും. എന്നാൽ പണ്ട് കാലത്ത് ഈസ്റ്ററെന്നത് അസാധാരണമായ ആചാരങ്ങളും ആഘോഷങ്ങളും നിറഞ്ഞതായിരുന്നു.
ഈസ്റ്റർ ദിനത്തിൽ സൂര്യൻ നൃത്തം ചെയ്യുമെന്ന് ഐറിഷ് ജനത വിശ്വസിച്ചിരുന്നു. ഇത് കാണാനായി പ്രഭാതത്തിൽ ആളുകൾ കുന്നിൻ ചെരുവുകളിലും മലമുകളിലും എത്താറുണ്ടായിരുന്നു. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് ആരും ഇത് ദർശിക്കാറുണ്ടായിരുന്നില്ല. പകരം വെള്ളം നിറച്ച പാത്രം ഉപയോഗിച്ച് സൂര്യന്റെ പ്രതിഭിംബം ദർശിച്ചു.
ഈസ്റ്റർ മുട്ടകൾക്ക് ഇന്നത്തെപ്പോലെ തന്നെ അന്നും പ്രധാനം ആയിരുന്നു. ജീവന്റെ പ്രതീകമാണ് മുട്ടകൾ എന്ന് ഐറിഷ് ജനത വിശ്വസിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ പ്രഭാത ഭക്ഷണമായി കഴിച്ചിരുന്നത് പുഴുങ്ങിയ മുട്ടകൾ ആയിരുന്നു. കോഴി മുട്ടകൾ പുഴുങ്ങി അന്നും അയർലൻഡുകാർ വർണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. മുട്ടകൾ പുഴുങ്ങാനായി ആദ്യ കാലത്ത് ഈസ്റ്റർ ഹൗസുകൾ ഉണ്ടായിരുന്നു.
ഈസ്റ്റർ ദിനത്തിൽ പുതുവസ്ത്രങ്ങൾ മാത്രമേ ഐറിഷ് ജനത ധരിച്ചിരുന്നുള്ളൂ. അന്നേദിവസം പള്ളികളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര നിർബന്ധം ആയിരുന്നു. ഈസ്റ്റർ ദിനത്തിൽ വൈകീട്ട് കേക്ക് ഡാൻസും നടത്തപ്പെടുമായിരുന്നു. വലിയ കേക്ക് കൊണ്ട് വിരുന്നൊരുക്കലാണ് ഇത്. ഈ ദിനം വിത്തുകൾ വിതയ്ക്കുന്നത് അശുഭകരമായിട്ടാണ് കണക്കാക്കിയിരുന്നത്.

