ലാഹോർ: കാത്തിരുന്ന് കൈവന്ന ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വത്തിൽ തൊട്ടതെല്ലാം പിഴച്ച് പാകിസ്താൻ. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരത്തിന് മുൻപ്, ഓസ്ട്രേലിയൻ ദേശീയ ഗാനത്തിന് പകരം ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങിയതാണ് ഏറ്റവും പുതിയ അബദ്ധം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലായിരുന്നു സംഭവം.
മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന്റെ ദേശീയ ഗാനം ആദ്യം മുഴങ്ങി. പിന്നാലെ ദേശീയ ഗാനത്തിനായി ഓസ്ട്രേലിയൻ ടീമും ആരാധകരും കാത്തിരിക്കവെ, ജനഗണമനയിലെ ‘ഭാരത ഭാഗ്യവിധാതാ‘ മുതലുള്ള വരികൾ മുഴങ്ങുകയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ സംഘാടകർ ഇത് ഉടൻ തന്നെ ഓഫ് ചെയ്തെങ്കിലും, സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. ഇന്ത്യയുടെ ദേശീയഗാനത്തിനൊപ്പം ഓസ്ട്രേലിയൻ പതാക പാറിപ്പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Video: https://x.com/theprayagtiwari/status/1893233251264696755
നേരത്തേ, ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കിടെ ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രക്ക് പരിക്കേറ്റ സംഭവവും വിവാദമായിരുന്നു. ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി താരം ഗ്രൗണ്ടിൽ വീഴുകയായിരുന്നു. അശാസ്ത്രീയമായ ഗ്രൗണ്ട് പരിപാലനവും വെളിച്ച വിന്യാസത്തിലെ അപാകതയുമാണ് രവീന്ദ്ര വീഴാൻ കാരണം എന്ന ആരോപണം ഉയർന്നിരുന്നു. പിന്നീട് ച്യാമ്പ്യൻസ് ട്രോഫിയിലെ പാകിസ്താനെതിരായ ഉദ്ഘാടന മത്സരത്തിൽ, സ്വതവേ മികച്ച ഫീൽഡർമാരായ ന്യൂസിലൻഡ് താരങ്ങൾ ഡൈവ് ചെയ്യാൻ അമാന്തം കാണിക്കുന്നത് കമന്റേറ്റർമാരും ചർച്ചയാക്കിയിരുന്നു.
അതേസമയം, ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് നേരത്തേ തന്നെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. അതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരിക്കുകയാണ്. ടൂർണമെന്റിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ഞായറാഴ്ചയാണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ അനായാസം തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാൽ, ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് ദയനീയമായി തോറ്റതോടെ ഗ്രൂപ്പിൽ ഏറ്റവും പിന്നിലായ പാകിസ്താന്, ഇന്ത്യക്കെതിരെ കൂടി തോൽവി വഴങ്ങിയാൽ ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറക്കപ്പെടും.