വടകര: വടകര ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർക്ക് നേരെ എയർ പിസ്റ്റൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വ്ലോഗർ തൊപ്പിയെയും (നിഹാദ്) , ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം.
വടകര-കൈനാട്ടി ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് നിഹാദ് തൻ്റെ വാഹനത്തെ ഇടതുവശത്ത് നിന്ന് മറികടക്കാൻ ശ്രമിച്ചെന്നാരോപിച്ച് തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. നിഹാദ് മറ്റ് രണ്ട് പേർക്കൊപ്പം കാറിൽ വടകര ബസ് സ്റ്റാൻഡിലേക്ക് ബസിനെ പിന്തുടരുകയായിരുന്നു.
നിഹാദും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി, അതിനിടയിൽ എയർ പിസ്റ്റൾ ചൂണ്ടിക്കാണിച്ചു ഭീഷണി മുഴക്കി . കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച നിഹാദിനെ ബസ് ജീവനക്കാർ തടഞ്ഞുനിർത്തി പോലീസിൽ ഏൽപിക്കുകയായിരുന്നു.ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റളാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മൂന്നു പേരെയും വിട്ടയച്ചതായി പോലീസ് പറഞ്ഞു.