എല്ലാ ഭാഷകളിലെയും സിനിമാ മേഖലയിൽ ആരാധകർ തമ്മിൽ വാക്പോരാട്ടം നടക്കാറുണ്ട് . കോളിവുഡ് താരങ്ങളായ അജിത് കുമാറിൻ്റെയും ദളപതി വിജയിൻ്റെയും ആരാധകർ തമ്മിൽ അടിക്കടി സംഘർഷം ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലിയുടെ പ്രദർശനത്തിനിടെ ദളപതി വിജയ്-അജിത് കുമാർ ആരാധകർ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത് . ആരാധകരുടെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുകയാണ്.
അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 10 നാണ് റിലീസ് ചെയ്തത്. ഈ ചിത്രം പാലക്കാട്ടെ ‘സത്യ’ തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ആരാധകർക്കിടയിൽ ബഹളം തുടങ്ങി. ദളപതി വിജയ് ആരാധകരും അജിത് കുമാർ ആരാധകരും പരസ്പരം പോരടിച്ചു . ആരാധകർ പരസ്പരം ആക്രോശിച്ചുകൊണ്ട് വഴക്കുണ്ടാക്കുന്നതും സംഘർഷമുണ്ടാക്കുന്നതും വിഡിയോയിൽ കാണാം. സംഘർഷത്തിൽ സ്ക്രീനിങ് ഏരിയക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ സിനിമയുടെ പ്രദർശനം നിർത്തിവച്ചു. അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്.