ടീം ഇന്ത്യയുടെ മുന്‍ കളിക്കാരന് വിനോദ് കാംബ്ലിക്ക് സഹായഹസ്തം നീട്ടി ഇന്ത്യന്‍ ടീം ഇതിഹാസം സുനില്‍ ഗവാസ്ക്കർ. തന്റെ CHAMPS ഫൗണ്ടേഷൻ വഴി കാംബ്ലിയുടെ ജീവിതകാലം മുഴുവൻ പ്രതിമാസം 30,000 രൂപ സുനിൽ ഗവാസ്കർ നൽകും. ഇതിനുപുറമെ, ചികിത്സാ ചെലവുകൾക്കായി പ്രതിവർഷം 30,000 രൂപ പ്രത്യേകമായും നൽകും.
1999 ൽ ആരംഭിച്ച CHAMPS ഫൗണ്ടേഷൻ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരെ സഹായിച്ചു വരുന്ന സംഘടനയാണ് . ഇപ്പോൾ, ഇതേ ഫൗണ്ടേഷൻ വഴി വിനോദ് കാംബ്ലിക്ക് പ്രതിമാസം 30,000 രൂപ നൽകുന്ന പദ്ധതി ഏപ്രിൽ 1 മുതൽ ആരംഭിക്കുകയും ചെയ്തു. 53 വയസ്സുള്ള കാംബ്ലിക്ക് ജീവിതകാലം മുഴുവൻ ഈ തുക നൽകുമെന്ന് ചാംപ്സ് ഫൗണ്ടേഷൻ അറിയിച്ചു.
ജനുവരി 11 ന് വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷികത്തിൽ സുനിൽ ഗവാസ്കർ വിനോദ് കാംബ്ലിയെ കണ്ടിരുന്നു. ഈ സമയത്ത് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് പാലിച്ചുകൊണ്ടാണ്, സുനിൽ ഗവാസ്കർ ഇപ്പോൾ തന്റെ ചാംപ്സ് ഫൗണ്ടേഷൻ വഴി വാർഷിക മെഡിക്കൽ അലവൻസും 30,000 രൂപ പ്രതിമാസ പെൻഷനും നൽകുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് മൂത്രാശയ അണുബാധയെ തുടർന്നാണ് വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിൽ ഗവാസ്കറുടെ CHAMPS ഫൗണ്ടേഷനിൽ നിന്ന് സഹായം സ്വീകരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് കളിക്കാരനാകും കാംബ്ലി. മുൻ ക്രിക്കറ്റ് താരം സലിം ദുറാനിയെയും CHAMPS സഹായിച്ചിട്ടുണ്ട്