അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്സ് ഫൈനലിൽ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിനെതിരെ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഒരോവർ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി പഞ്ചാബ് ഫൈനലിലേക്ക് മാർച്ച് ചെയ്തു.
44 റൺസ് വീതമെടുത്ത തിലക് വർമയും സൂര്യകുമാർ യാദവും 38 റൺസെടുത്ത ബെയർസ്റ്റോയും 37 റൺസെടുത്ത നമൻ ധീറുമാണ് മുംബൈയുടെ പ്രധാന സ്കോറർമാർ. കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി ലൈഫ് കിട്ടിയെങ്കിലും അത് മുതലാക്കാൻ കഴിയാതെ 8 റൺസുമായി രോഹിത് മടങ്ങി. 15 റൺസെടുത്ത പാണ്ഡ്യയും ഫോമിൽ ആയിരുന്നില്ല. പഞ്ചാബിന് വേണ്ടി അസ്മത്തുള്ള 2 വിക്കറ്റും ജേമിസൺ, സ്റ്റോയ്നിസ്, വൈശാഖ്, ചാഹൽ എന്നിവർ ഓരോ വിക്കറ്റും നേടി.
6 റൺസെടുത്ത പ്രഭ്സിമ്രാൻ സിംഗിനെ ബോൾട്ട് പുറത്താക്കിയതിന്റെ ഞെട്ടലിൽ പതറിയ പഞ്ചാബിനെ 38 റൺസെടുത്ത ജോഷ് ഇംഗ്ലിസും 20 റൺസെടുത്ത പ്രിയാംശ് ആര്യയും ചേർന്നാണ് കരകയറ്റിയത്. ആര്യയെ അശ്വനി കുമാറും ഇംഗ്ലിസിനെ പാണ്ഡ്യയും പുറത്താക്കി മുംബൈക്ക് മുൻതൂക്കം നൽകിയെങ്കിലും, പിന്നീട് നേഹൽ വധേരക്കൊപ്പം ചേർന്ന് ക്യാപ്ടന്റെ ഉത്തരവാദിത്തോടെ ശ്രേയസ് അയ്യർ ഇന്നിംഗ്സ് പടുത്തുയർക്കുന്ന കാഴ്ചയ്ക്കാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ആദ്യ ഘട്ടത്തിൽ വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിലും മോശം പന്തുകളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച ഇരുവരും പിന്നീട് പതിയെ ഗിയർ മാറ്റി. ഓവറിൽ 10 റൺസ് ശരാശരിയിൽ മുന്നേറിയ കൂട്ടുകെട്ടിൽ നേഹൽ വധേരയാണ് ആദ്യം ആക്രമണം പുറത്തെടുത്തത്. പിന്നാലെ ക്യാപ്ടൻ കൂൾ ആയി നിലകൊണ്ട ശ്രേയർ അയ്യർ കൂടി ആക്രമണകാരിയായി മാറി. 48 റൺസെടുത്ത വധേരയെ പുറത്താക്കി അശ്വനി കുമാർ വീണ്ടും മൗംബൈക്ക് പ്രതീക്ഷ നൽകിയെങ്കിലും അക്ഷോഭ്യനായി ആക്രമണം തുടർന്ന അയ്യർ 41 പന്തിൽ 5 ബൗണ്ടറികളുടെയും 8 പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 87 റൺസുമായി പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
തന്റെ ആദ്യ ഓവറിൽ ഇംഗ്ലിസിന്റെ പക്കൽ നിന്നും തല്ല് വാങ്ങിയ ബൂമ്ര വഴങ്ങിയത് 20 റൺസ് ആയിരുന്നു. പിന്നീട് കൃത്യമായ സമയങ്ങളിൽ പാണ്ഡ്യ ബൂമ്രയെ ഉപയോഗിച്ചുവെങ്കിലും വിക്കറ്റ് വീഴ്ത്താൻ മാത്രം സാധിച്ചില്ല. ബൂമ്ര എറിഞ്ഞ ചില മികച്ച യോർക്കറുകൾ പോലും പഞ്ചാബ് ബാറ്റ്സ്മാന്മാർ ബൗണ്ടറിയാക്കി മാറ്റുകയും ചെയ്തു. 4 ഓവറിൽ 40 റൺസാണ് ബൂമ്ര വഴങ്ങിയത്.
കന്നിക്കിരീടം തേടി പഞ്ചാബും ബംഗലൂരുവും ഫൈനലിന് ഇറങ്ങുമ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തീ പാറുമെന്ന് ഉറപ്പ്. ജൂൺ 3നാണ് പുതിയ കിരീടാവകാശികളെ കണ്ടെത്താനുള്ള ഐപിഎൽ സീസൺ 18ന്റെ ഫൈനൽ.

