മെൽബൺ: ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ മുൻ നിര തകർന്നുവെങ്കിലും, വാലറ്റത്തിന്റെ ചെറുത്ത് നിൽപ്പിന്റെ പിൻബലത്തിൽ ഡ്രൈവിംഗ് സീറ്റിലേക്ക് തിരിച്ചെത്തി ഓസീസ്. നാലാം ദിനം കളി അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എടുത്ത ആതിഥേയർക്ക് നിലവിൽ 333 റൺസിന്റെ ലീഡുണ്ട്.
നേരത്തേ, നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 11 റൺസ് കൂടി കൂട്ടിച്ചേർത്ത് പുറത്തായി. 114 റണ്‍സെടുത്ത നിതീഷ് കുമാർ റെഡ്ഡിയെ നഥാൻ ലിയോൺ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 369 റൺസിൽ അവസാനിച്ചു.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസിനെ കണിശതയാർന്ന ബൗളിംഗിലൂടെ ബൂമ്രയും സിറാജും ചേർന്ന് വിറപ്പിച്ചപ്പോൾ, മൂന്നാം ടെസ്റ്റിന്റെ തനിയാവർത്തനം എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. 173 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റുകൾ നഷ്ടമായി വിറങ്ങലിച്ച ആതിഥേയരെ അവസാന വിക്കറ്റിൽ നഥാൻ ലിയോണും സ്കോട് ബൊലാൻഡും ചേർന്ന് രക്ഷിച്ചെടുത്തപ്പോൾ ഓസീസ് ലീഡ് 300 കടന്നു. ലിയോൺ 41 റൺസുമായും ബൊലാൻഡ് 10 റൺസുമായും പൊരുതുമ്പോൾ, പിരിയാത്ത അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 55 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. ഇരുവരും നേടുന്ന ഓരോ റണ്ണും ഇന്ത്യൻ വിജയ പ്രതീക്ഷയെ ബഹുദൂരം അകറ്റുകയാണ്.
ഓസീസ് സ്കോർ ബോർഡിൽ 20 റൺസ് ഉള്ളപ്പോൾ ഒന്നാം ഇന്നിംഗ്സിലെ വിവാദ നായകൻ സാം കോൺസ്റ്റാസിനെ ബൂമ്ര ക്ലീൻ ബൗൾഡാക്കി. പിന്നാലെ ഖവാജയെയും സ്മിത്തിനെയും പുറത്താക്കി സിറാജ് വരവറിയിച്ചു. ഹെഡിനെയും മിച്ചൽ മാർഷിനെയും അലക്സ് കെയ്രിയെയും തുടരെ പുറത്താക്കി ബൂമ്ര ഓസീസിന് കനത്ത പ്രഹരമേൽപ്പിച്ചു. 70 റൺസുമായി പൊരുതിയ ലബൂഷെയ്നെ സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കി. 41 റൺസുമായി വാലറ്റത്തിന്റെ ചെറുത്തു നിൽപ്പിന് അടിത്തറ പാകിയ ക്യാപ്ടൻ പാറ്റ് കമ്മിൻസിനെ ജഡേജ രോഹിതിന്റെ കൈകളിൽ എത്തിച്ചു.
അപാര ഫോമിൽ പന്തെറിയുന്ന ജസ്പ്രീത് ബൂമ്ര 4 വിക്കറ്റുകളുമായി പതിവ് പോലെ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയായപ്പോൾ 3 വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് ഉറച്ച പിന്തുണ നൽകി.