പ്ലാസ്റ്റിക് പാത്രങ്ങൾ നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വെള്ളക്കുപ്പികൾ മുതൽ ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റുകൾ വരെ പ്ലാസ്റ്റിക്കാണ്. ഉണങ്ങിയ ധാന്യങ്ങൾ , അച്ചാർ എന്നിവയും , ബാക്കി വരുന്ന ആഹാരങ്ങളുമെല്ലാം നമ്മൾ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി സൂക്ഷിക്കാറുണ്ട്.എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ഉചിതമല്ല.
പ്ലാസ്റ്റിക്കിൽ ബിസ്ഫെനോൾ എ (ബിപിഎ), ഫ്താലേറ്റുകൾ തുടങ്ങിയ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ചില ഭക്ഷണവസ്തുക്കൾ ഈ പാത്രങ്ങളിൽ സൂക്ഷിക്കുമ്പോൾ , പ്രത്യേകിച്ച് ചൂടുള്ള വസ്തുക്കൾ ഈ രാസവസ്തുക്കൾ നമ്മുടെ ഭക്ഷണവുമായി കലരുകയും, ശരീരത്തിനുള്ളിൽ എത്തുകയും ചെയ്യുന്നു.
ചൂടുള്ള ഭക്ഷണം നേരിട്ട് പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കരുത് . കാരണം ചൂട് കാരണം പ്ലാസ്റ്റിക്കിലെ രാസവസ്തുക്കൾ ഭക്ഷണത്തിലേയ്ക്ക് എത്തുകയും, അത്തരം ഭക്ഷണം കഴിക്കുന്നത് കാലക്രമേണ പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും. ചൂടുള്ള ഭക്ഷണങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാം.
പുളിയുള്ള ഭക്ഷണങ്ങളായ തക്കാളി, നാരങ്ങ, വിനാഗിരി എന്നിവ പ്ലാസ്റ്റിക്കിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. അവയുടെ അസിഡിറ്റി സ്വഭാവം പ്ലാസ്റ്റിക്കുമായി പ്രതിപ്രവർത്തിച്ച് ദോഷകരമായ വസ്തുക്കൾ ഭക്ഷണത്തിലേക്ക് എത്താൻ കാരണമാകും. അച്ചാറുകൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത് . അവ ഗ്ലാസ് ബോട്ടിലുകളിലോ , സെറാമിക് പാത്രങ്ങളിലോ വേണം സൂക്ഷിക്കാൻ.
മഞ്ഞൾ പൊടി, മുളക് പൊടി , മല്ലിപ്പൊടി എന്നിവ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് അവയുടെ മണവും, രുചിയും കുറയ്ക്കും. ഒപ്പം ചില പ്ലാസ്റ്റിക്കുകളിലെ രാസവസ്തുക്കൾ സുഗന്ധവ്യഞ്ജനങ്ങളുമായി പ്രതിപ്രവർത്തിക്കാനും സാധ്യതയുണ്ട്. എല്ലാ പ്ലാസ്റ്റിക് പാത്രങ്ങളും എണ്ണമയമുള്ളതോ , കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ സൂക്ഷിക്കാൻ അനുയോജ്യമല്ല. അത്തരം ഭക്ഷണങ്ങൾ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ സൂക്ഷിക്കുന്നതിന് മുൻപ് പാത്രത്തിലെ നിർദേശങ്ങൾ പരിശോധിക്കുക.

