മംഗലശേരി നീലകണ്ഠൻ എന്ന ഫ്യൂഡൽ ചട്ടമ്പിയുടെ ആഢ്യത്വം നിറഞ്ഞ , വാനം മുട്ടെ തലയെടുപ്പോടെ നിൽക്കുന്ന തറവാട് , വരിക്കാശേരി മന . മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ലോക്കേഷനായ വരിക്കാശേരിമനയ്ക്ക് ഏകദേശം മൂന്നൂറ് വർഷത്തെ ചരിത്രമുണ്ട്.
കേരളീയ വാസ്തുവിദ്യയിൽ അതിമനോഹരമായി നിളാനദിയുടെ തീരത്ത് പണികഴിപ്പിച്ചിരിക്കുന്ന ഈ തറവാടിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട് .
സൂപ്പർഹിറ്റ് സിനിമകൾക്ക് ലൊക്കേഷനായ മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മന ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടമാണ്. നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും കഥകളും വരിക്കാശ്ശേരിമനയ്ക്ക് പറയാനുണ്ട്. കേരളീയ വാസ്തുശില്പശൈലി മനോഹരമായി സമ്മേളിച്ചിരിക്കുന്ന നിർമിതി ആരെയും വിസ്മയിപ്പിക്കും. ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടി വരിക്കാശ്ശേരി മനയ്ക്കുണ്ട്.
കവാടം കടന്ന് അകത്തേയ്ക്ക് എത്തുമ്പോൾ തന്നെ കാണാം വള്ളുവനാടൻ രാജകീയഭാവം . സിനിമകളിലൂടെ പ്രശസ്തമായ മന കാണാൻ ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്തുന്നുണ്ട്. സഞ്ചാരികൾ മാത്രമല്ല വിവാഹ ഫോട്ടോഷൂട്ടിനായും, സേവ് ദ് ഡേറ്റിനായും വരുന്നവരുമുണ്ട്.പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ മനയിൽ സന്ദർശകരെ അനുവദിക്കാറില്ല.
ആറ് ഏക്കറിലാണ് മന തലയെടുപ്പോടേ നിൽക്കുന്നത് . മൂന്ന് നിലകളുള്ള നാലുകെട്ട് , രണ്ട് പത്തായപ്പുരകൾ , കളപ്പുര , വിശാലമായ പൂമുഖം , കുളം, പടിപ്പുര മാളിക എന്നിവയെല്ലാം മനയുടെ ആകർഷണങ്ങളാണ് . മൂന്നു നിലകളാണ് നാലുകെട്ടിലുള്ളത് , ചെങ്കല്ലിൽ കെട്ടി പൊക്കിയ ചുമരിനും പ്രത്യേക ഭംഗിയുണ്ട്.ഏത് ചൂടിലും കുളിർമ നൽകുന്നതാണ് ഇവിടുത്തെ അന്തരീക്ഷം .