ചെന്നൈ : നടൻ വിജയ്ക്ക് പിന്നാലെ നടി തൃഷയും അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം അഭ്യൂഹങ്ങൾ നിഷേധിച്ചിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ. തൃഷ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്നും സിനിമയിൽ തുടരുമെന്നും ഉമാകൃഷ്ണൻ പറഞ്ഞു.
നടൻ വിജയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൃഷ സിനിമാ മേഖല വിടുകയും രാഷ്ട്രീയത്തിലേക്ക് മാറാൻ ആലോചിക്കുകയും ചെയ്യുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ . അടുത്തിടെ, തൃഷ സിനിമയിൽ നിരാശയായെന്നും രാഷ്ട്രീയത്തിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഈ തീരുമാനത്തിൽ തൃഷയും അമ്മയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ആരോപണങ്ങളും ഉയർന്നു.
തമിഴ് മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും ഈ റിപ്പോർട്ടുകൾ പെട്ടെന്ന് ചർച്ചയായി. എന്നാൽ, തൃഷയ്ക്ക് സിനിമ വിടാൻ പദ്ധതിയില്ലെന്നും അത്തരമൊരു നീക്കം പരിഗണിക്കുന്നില്ലെന്നും ഉമ കൃഷ്ണൻ പറഞ്ഞു.തന്റെ മകൾ 20 വർഷമായി സിനിമയിലുണ്ട് . ഇനിയും തുടരും, മറ്റ് വാർത്തകളൊക്കെ കിംവദന്തികളാണെന്നും ഉമാകൃഷ്ണൻ പറഞ്ഞു.
നടൻ വിജയുമായുള്ള തൃഷയുടെ അടുത്ത സൗഹൃദത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാണ് ഈ റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടിയത് . നടി കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹത്തിൽ അവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും വലിയ ചർച്ചകൾക്ക് കാരണമായി. ഇരുവരും ഒരു സ്വകാര്യ ജെറ്റിൽ ഒരുമിച്ച് എത്തുന്നതും വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കുന്നതും കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അഭ്യൂഹങ്ങൾ ശക്തമാകുകയായിരുന്നു.