മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് രംഭ. ഇപ്പോൾ സജീവമല്ലെങ്കിലും രംഭയുടെ സിനിമകൾ ഇപ്പോഴും ശ്രദ്ധേയമാണ്. അടുത്തിടെ, സിനിമയിലേക്ക് തിരിച്ചുവരാൻ മാനസികമായും ശാരീരികമായും തയ്യാറാണെന്ന് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ, സംവിധായകൻ ആലപ്പി അഷ്റഫ് രംഭയും നടൻ രജനീകാന്തും തമ്മിൽ ഉണ്ടായ ഒരു ‘പ്രശ്ന’ത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
‘ 90 കളിൽ യുവാക്കളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രംഭ. തുടക്കത്തിൽ മലയാളത്തിൽ സാധാരണ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട രംഭ പിന്നീട് കൂടുതലും ഗ്ലാമറസ് വേഷങ്ങൾ ചെയ്തു. അതോടെ പണവും പ്രശസ്തിയും ലഭിച്ചു. ഉള്ളത്തെ അള്ളിത്ത എന്ന തമിഴ് ചിത്രത്തിന്റെ വിജയത്തിനും രംഭ കാരണമായി.ആ സിനിമ കണ്ട ശേഷം രജനീകാന്ത് നടിയെ ഫോണിൽ വിളിച്ചു. രജനീകാന്തിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് രംഭ പറഞ്ഞിരുന്നു. രജനീകാന്തിന്റെ അരുണാചലം എന്ന ചിത്രത്തിലെ സുസ്മിത സെന്നിന് മാറ്റിവെച്ച കഥാപാത്രം രംഭയ്ക്ക് ലഭിച്ചു.
അരുണാചലത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടക്കുമ്പോൾ രംഭ സൽമാൻ ഖാന്റെ ബന്ധൻ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഒരിക്കൽ സൽമാൻ ഖാനും ജാക്കി ഷ്രോഫും അരുണാചലത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി. രംഭ അവരെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. രജനീകാന്ത് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവർ പോയപ്പോൾ രജനീകാന്ത് ദേഷ്യത്തോടെ തന്റെ കഴുത്തിൽ കിടന്ന ടവൽ വലിച്ചെറിഞ്ഞു. ഇനി രംഭയോടൊപ്പം അഭിനയിക്കില്ലെന്നും രജനീകാന്ത് പറഞ്ഞു.
ഇത് കേട്ടപ്പോൾ രംഭ വളരെ അസ്വസ്ഥയായി. പിന്നീട് രജനീകാന്ത് വന്ന് രംഭയോട് ചില കാര്യങ്ങൾ പറഞ്ഞു. ‘നിങ്ങൾ വടക്കേ ഇന്ത്യൻ നടന്മാരെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്നു, പക്ഷേ ദക്ഷിണേന്ത്യൻ നടന്മാരോട് അങ്ങനെയല്ല നിങ്ങൾ പെരുമാറുന്നത്,’ രജനീകാന്ത് പറഞ്ഞു. ഇത് കേട്ടതോടെ രംഭ കരയാൻ തുടങ്ങി. പക്ഷേ അത് രജനിയുടെ തമാശയാണെന്ന് രംഭ പിന്നീട് മനസ്സിലാക്കി. രംഭ തന്നെ ഈ കഥ വെളിപ്പെടുത്തി,’ എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

