ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടൻ നിവിൻ പോളിക്കെതിരായ പീഡനപരാതി ഉയർന്നത് . കോതമംഗലം സ്വദേശിനി നൽകിയ പരാതി പ്രകാരം ദുബായിൽ വച്ച് നിവിനും സംഘവും പീഡിപ്പിച്ചെന്നാണ് പറയുന്നത്. പരാതി ഉയർന്ന അന്ന് തന്നെ തന്റെ ഭാഗം വ്യക്തമാക്കി നിവിൻ പോളി പ്രസ്മീറ്റ് വിളിച്ചു ചേർത്തിരുന്നു.കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ.
തനിക്കെതിരായ വ്യാജപരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതികരിച്ച നടൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഒടുവിൽ നിവിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബലാത്സംഗം നടന്നതായി പറയപ്പെടുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്നതാണ് പരാതിക്കാരിക്ക് തിരിച്ചടിയായത്. മറ്റ് പ്രതികൾക്കെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്ലിൻ ചിറ്റ് ലഭിച്ച സാഹചര്യത്തിൽ തന്റെ നന്ദിയറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നിവിൻ.
എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദിയെന്ന് നിവിൻ പോളി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പോസ്റ്റിന് താഴെ നിവിന് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഹേമക്കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിദ്ധിഖ്, മുകേഷ് എന്നിവരടക്കം നിരവധി താരങ്ങൾക്കെതിരെ പീഡനപരാതികൾ ഉയർന്നിരുന്നു. അമ്മ സംഘടനയിലെ ഭാരവാഹികൾക്കെതിരെ പോലും പരാതികൾ ഉയർന്നതോടെ മോഹൻലാൽ തന്റെ സ്ഥാനം രാജി വച്ചിരുന്നു.