മുംബൈ: മുതിർന്ന ബോളിവുഡ് നടനും മുൻ എംപിയുമായ ധർമ്മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി മകളും നടിയുമായ ഇഷ ഡിയോൾ . തന്റെ പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരുന്നുവെന്നും ഇഷ ഡിയോൾ അറിയിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം . 89 വയസാണ് അദ്ദേഹത്തിന് . പ്രകാശ് കൗർ, ഹേമ മാലിനി എന്നീ രണ്ട് ഭാര്യമാരുണ്ട്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറ് മക്കളുണ്ട്.
‘മാധ്യമങ്ങൾ അമിതവേഗത്തിലാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായും തോന്നുന്നു. എന്റെ അച്ഛൻ ഇപ്പോൾ സുഖം പ്രാപിക്കുന്നുണ്ട്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പപ്പയുടെ വേഗം സുഖം പ്രാപിക്കാനുള്ള പ്രാർത്ഥനകൾക്ക് നന്ദി,” ഇഷ ഡിയോൾ തന്റെ പോസ്റ്റിൽ എഴുതി.
ശ്വാസതടസ്സം മൂലം ഒരാഴ്ച മുൻപാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹത്തിന് നേത്ര ശസ്ത്രക്രിയ നടത്തിയിരുന്നു.
ധർമ്മേന്ദ്രയുടെ ഭാര്യ ഹേമ മാലിനും അദ്ദേഹത്തിന്റെ മരണവാർത്തകൾ തള്ളിക്കളഞ്ഞു. ‘ഇപ്പോൾ സംഭവിക്കുന്നത് പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിന് അർഹമായ ബഹുമാനം നൽകുക, സ്വകാര്യത ആവശ്യമാണ്.’ ഹേമമാലിനി പറഞ്ഞു.
അതേസമയം ധർമ്മേന്ദ്രയുടെ ചിത്രം ഇക്കിസ് ഡിസംബർ 25 ന് റിലീസ് ചെയ്യും. ഷോലെ, ഫൂൽ ഔർ പത്തർ, ചുപ്കെ ചുപ്കെ തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ്.

