കൊച്ചി : പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ ചിത്രം രണ്ടാം പകുതിയാണ് ആദ്യപകുതി എന്ന വിശ്വാസത്തിൽ കാണേണ്ടി വന്നാൽ എങ്ങനെ ഉണ്ടാവും?
അങ്ങനെ ആരാധകരെ നിരാശപ്പെടുത്തിയ അനുഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. റെക്കോർഡ് കളക്ഷനുമായി പ്രേക്ഷകശ്രദ്ധ ആകർഷിച്ച പുഷ്പ 2 എന്ന ചിത്രത്തിനാണ് ഇത്തരമൊരു ദുരാനുഭവം ഉണ്ടായത് .
കൊച്ചി സെൻട്രൽ സ്ക്വയർ മാളിലെ സിനി പോളിസ് മൾട്ടിപ്ലക്സിലെ സ്ക്രീനിൽ വെള്ളിയാഴ്ച വൈകിട്ട് 6 30 ന്റെ ഷോയ്ക്കാണ് സിനിമ പ്രദർശിപ്പിച്ചത്. ഇടവേളയ്ക്ക് തൊട്ടുമുൻപ് എൻഡ് ക്രെഡിറ്റ് എഴുതി കാണിച്ചപ്പോഴാണ് പ്രേക്ഷകർ അബദ്ധം മനസ്സിലാക്കുന്നത്. ഇതോടെ പണം തിരിച്ച് നൽകണമെന്ന് ഒരു വിഭാഗവും, ആദ്യപകുതി പ്രദർശിപ്പിക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. ചിലർ സിനിമ കാണാതെ തന്നെ മടങ്ങുകയും ചെയ്തു.
2021 ലാണ് പുഷ്പയുടെ ആദ്യഭാഗം എത്തിയത് . ചിത്രം വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ പ്രി റിലീസ് ഹൈപ്പുമായി പുഷ്പ 2 എത്തിയത്.