മുംബൈ : ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്രയെ (89) ഡിസ്ചാർജ് ചെയ്തു. ഒക്ടോബർ 31 ന് ശ്വാസതടസ്സത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
തുടർ ചികിത്സ വീട്ടിൽ തന്നെ തുടരുമെന്ന് ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ പ്രൊഫസർ പ്രതിത് സാംദാനി പറഞ്ഞു. രാവിലെ 7.30 ഓടെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽ തന്നെ ചികിത്സ നൽകാൻ കുടുംബം തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് വീട്ടിൽ തന്നെ ചികിത്സ നൽകും. കുടുംബം അദ്ദേഹത്തിന്റെ ഡിസ്ചാർജ് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഒരു ദേശീയ മാധ്യമം ഇന്നലെ അദ്ദേഹത്തിന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ധർമ്മേന്ദ്രയുടെ ഭാര്യ ഹേമ മാലിനിയും മകൾ ഇഷ ഡിയോളും ഈ വാർത്ത നിഷേധിച്ചിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു.

