എല്ലാ മരുമക്കളും ആഗ്രഹിക്കുന്ന തരത്തിലുള്ള അമ്മായിയമ്മയാണ് താനെന്നും അവരുടെ സ്വാതന്ത്ര്യത്തിൽ ഒരിക്കലും ഇടപെടില്ലെന്നും നടി മല്ലിക സുകുമാരൻ മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മരുമകൾ എപ്പോഴും മരുമകളായി തന്നെ തുടരുമെന്നും അവർക്ക് ഒരിക്കലും മകളാകാൻ കഴിയില്ലെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത് . സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത് .
“ഒരു കാര്യം ഞാൻ സത്യസന്ധമായി പറയാം. മരുമക്കൾ എപ്പോഴും മരുമക്കളായിരിക്കും. അവർ മക്കളാകില്ല. നമുക്ക് നമ്മുടെ കുട്ടികളോട് തുറന്നു സംസാരിക്കാം. എന്നാൽ നമ്മുടെ മരുമകളോട് നമ്മൾ അതേ സ്വരത്തിൽ സംസാരിച്ചാൽ, അമ്മായിയമ്മ കളിക്കാൻ വന്നതാണെന്ന് കരുതിയേക്കാം. ഇന്നത്തെ ലോകത്ത്, സമൂഹം പലപ്പോഴും അമ്മായിയമ്മമാരെ ഭയപ്പെടുത്തുന്ന ഭീകരജീവികളായാണ് കാണുന്നത് .
എന്റെ കുട്ടികൾ ചിലപ്പോൾ ചോദിക്കും, ‘എന്തിനാണ് അമ്മേ, ഇത്ര അഭിമാനം കാണിക്കുന്നത്? നിങ്ങൾക്ക് ഇവിടെ വന്ന് ഞങ്ങളോടൊപ്പം താമസിച്ചു കൂടേയെന്ന് . ഞാൻ അവരോട് പറയുന്നത് ഞാൻ താമസിക്കുന്നത് അവരുടെ ഫ്ലാറ്റിൽ നിന്ന് അഞ്ച് മിനിറ്റ് മാത്രം ദൂരമേയുള്ളു. എന്റെ പഴയ സഹായികളെല്ലാം എന്നോടൊപ്പമുണ്ടെന്നും ഞാൻ പറയും . അത് മറ്റൊന്നുകൊണ്ടല്ല, മറിച്ച് അവർക്ക് അവരുടേതായ ജീവിതശൈലിയുണ്ട്. അവർക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാൻ താൽപ്പര്യമുണ്ടാകാം, അതേസമയം എനിക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് ഇഷ്ടം. പുതിയ തലമുറയ്ക്ക് പൊരുത്തപ്പെടാൻ പ്രയാസമാണ് അത്തരം വ്യത്യാസങ്ങൾ..
ഒരു ഭർത്താവ് ഭാര്യയെയും കുട്ടികളെയും കൂട്ടി പുറത്ത് പോകാൻ ആഗ്രഹിച്ചേക്കാം, ചിലപ്പോൾ മുത്തശ്ശി അടുത്തില്ലായിരുന്നെങ്കിൽ അച്ഛൻ തങ്ങളെ പുറത്ത് കൊണ്ടു പോകുമായിരുന്നുവെന്ന് കുട്ടികൾക്ക് തോന്നിയേക്കാം. അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല. പെൺകുട്ടികൾ സാധാരണയായി സ്വന്തം അമ്മമാരുമായി കൂടുതൽ അടുപ്പമുള്ളവരായിരിക്കും. എനിക്ക് പനി വന്നാലും എന്റെ രണ്ട് ആൺമക്കളും ടെൻഷനിൽ ആയിരിക്കും,” മല്ലിക സുകുമാരൻ പറഞ്ഞു.

