കൊച്ചി: ‘ദി കേരള സ്റ്റോറി 2’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സെൻസർ ബോർഡിന് നോട്ടീസ് അയച്ചു. സിനിമയുടെ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിൽ നിന്നും കോടതി വിശദീകരണം തേടി. സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
ദി കേരള സ്റ്റോറി 2 നെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. “വിദ്വേഷം വളർത്തുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ തുടർച്ചയുടെ റിലീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെ കാണണം. ആദ്യ ഭാഗത്തിലെ വർഗീയ അജണ്ടയും നഗ്നമായ നുണകളും ഇതിനകം കണ്ടിട്ടുള്ള കേരളം, നമ്മുടെ മതേതര ഘടനയെ അവജ്ഞയോടെ ചിത്രീകരിക്കാനുള്ള ഈ ശ്രമത്തെ വീണ്ടും നിരസിക്കും. വർഗീയ സംഘർഷം ഉണർത്താൻ ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ച ആഖ്യാനങ്ങൾക്ക് എങ്ങനെ അനുമതി ലഭിക്കുന്നു, അതേസമയം കലാപരമായ വിമർശനാത്മക പ്രകടനങ്ങൾ എങ്ങനെ ഇല്ലാതാക്കപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ ഐക്യത്തിന്റെ ഭൂമിയെ ഭീകരതയുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ഈ ശ്രമങ്ങൾക്കെതിരെ നാം ഒറ്റക്കെട്ടായി നിൽക്കണം. സത്യം എപ്പോഴും വിജയിക്കും,” പിണറായി വിജയൻ എക്സിൽ പോസ്റ്റ് ചെയ്തു.

