കൊച്ചി : ബിജെപിയുമായി ചേരുന്നത് നാടിന്റെ വികസനം മുന്നില്‍ കണ്ടുകൊണ്ടാണെന്ന് സംവിധായകൻ അഖിൽ മാരാർ . ട്വന്റി20യില്‍ ചേർന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിൽ മാരാർ .
‘ ഞാൻ കുറച്ച് സ്വതന്ത്രചിന്താഗതി പിന്തുടരുന്നയാളാണ് .എന്റെ ചില ചിന്തകളും അഭിപ്രായങ്ങളും ചില സാഹചര്യങ്ങളില്‍ ബിജെപിക്കോ യുഡിഎഫിനോ സിപിഎമ്മിനോ അനുകൂലമായിരിക്കും. അടിസ്ഥാനപരമായിട്ട് ഞാനൊരു സ്വതന്ത്ര ചിന്താഗതിക്കാരനാണ്. രാഷ്ട്രീയപാര്ട്ടിക്കാരനാല് തകര്‍ന്ന ഒരു വ്യാപാരി തന്റെ പോരാട്ടം മൂന്ന് രാഷ്ട്രീയപ്പാര്‍ട്ടിക്ക് നേരെ നയിക്കുന്ന സിനിമയാണ് അവസാനം ചെയ്തത്.
അന്ന് ഞാൻ സാബു ജേക്കബുമായി ബന്ധപ്പെട്ടിരുന്നു. ട്വന്റി20 എന്ന സംഘടന എന്ത് ആശയമാണോ , എന്ത് വികസനമാണോ കൊണ്ടുവരാൻ ആഗ്രഹിച്ചത് അത് മനസിൽ ഉണ്ടായിരുന്ന ആളാണ് ഞാൻ . ഏറ്റവും ഒടുവിലായി എം പി പ്രേമചന്ദ്രൻ പറഞ്ഞു റെയിൽ വേയിൽ ഇന്നുവരെ കാണാത്ത വികസനമാണ് നടന്നത്. രാജ്യത്ത് ഇന്ന് വരെ കാണാത്ത വികസനമാണ് നടന്നത് . ലോകത്തിന് മുന്നിൽ ഇന്ത്യ നാലാമത്തെ സാമ്പത്തികശക്തിയായി കുതിച്ചുകൊണ്ടിരിക്കുന്നു.അപ്പോ ഒരു ഭാഗത്ത് നമ്മുടെ രാജ്യത്ത് നടക്കുന്ന വികസനം കണ്ടില്ലെന്ന് നടിക്കാനാകില്ല .
അതേസമയം നമ്മുടെ കേരളം പലപ്പോഴും ചിന്തകൾ കൊണ്ടും മറ്റ് പല കാര്യങ്ങളിലും പിന്നോട്ട് കൊണ്ടു പോകുന്നു. അത് ഇടത് പക്ഷ നേതാവ് സി ദിവാകരൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്തിന്റെ പേരിലാണ് നമ്മൾ അഭിമാനിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട് .ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്ത്തിക്കുന്നതിനേക്കാളുപരി ബിജെപിയുമായി ചേരുന്നത് നാടിന്റെ വികസനം മുന്നില്‍ കണ്ടുകൊണ്ടാണെന്നും പുതിയ കാലത്തെ രാഷ്ട്രീയം പറയുന്ന പാര്‍ട്ടിയാണ് ട്വന്റി20യെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു

