കൊച്ചി: അർജുൻ അശോകനെ നായകനാക്കി അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത് നവംബർ 15ന് തിയേറ്ററുകളിൽ എത്തിയ ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. കൊച്ചിയിലെ പ്രശസ്തമായ ലോ കോളേജിൽ നിന്നും നിയമവിദ്യാർത്ഥിനിയെ കാണാതാകുന്നതും തുടർന്ന് നടക്കുന്ന സമാന്തരമായ രണ്ട് അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പെൺകുട്ടികളെ കാണാതാകുന്ന കേസുകളോട് വ്യവസ്ഥിതിയുടെ പ്രതികരണങ്ങളിലെ വൈകാരിക വ്യതിയാനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം, ത്രില്ലർ എലമെന്റ്സിനൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ ഏറെക്കുറെ സൈലന്റ് എന്ന് തന്നെ പറയാവുന്ന തരത്തിൽ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം, പിന്നീട് ത്രില്ലർ ആസ്വാദകരും കുടുംബ പ്രേക്ഷകരും ഒരേ പോലെ ഏറ്റെടുക്കുകയായിരുന്നു. വേർഡ് ഓഫ് ദി മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറിയ ആനന്ദ് ശ്രീബാലക്ക് മികച്ച നിരൂപക പ്രശംസ കൂടി ലഭിച്ചതോടെ, നവംബർ മാസത്തിലെ സർപ്രൈസ് ഹിറ്റായി ചിത്രം മാറുകയായിരുന്നു. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ നഗരഗ്രാമീണ ഭേദമില്ലാതെ ഓൺലൈൻ ബുക്കിംഗ് ആപ്പുകളിൽ ഇപ്പോഴും ചിത്രത്തിന്റെ പ്രൈം ടൈം ഷോകളും റഗുലർ ഷോകളും ഫുൾ ആവുകയാണ്. ചിത്രം വലിയ വിജയത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് അണിയറ പ്രവർത്തകരും തിയേറ്റർ ഉടമകളും പറയുന്നത്.
കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ആനന്ദ് ശ്രീബാലയുടെ തിരക്കഥ രൂപപ്പെട്ടത് എന്ന് അണിയറ പ്രവർത്തകർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ആത്മഹത്യ ചെയ്തുവെന്ന് പോലീസും നാട്ടുകാരും വിശ്വസിക്കുന്ന, വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മെറിന്റെയും അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കാൻ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന ആനന്ദിന്റെയും കഥയാണ് ചിത്രം പറയുന്നത്.
ചിത്രം റിലീസായതിന് പിന്നാലെ, സി എ വിദ്യാർത്ഥിനിയായിരിക്കവെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മിഷേൽ ഷാജിയുടെ പിതാവ് ഷാജിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. സിനിമ കണ്ടപ്പോൾ ഞങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തു. വനിത സ്റ്റേഷൻ, കസബ സ്റ്റേഷൻ സെൻട്രൽ സ്റ്റേഷൻ തുടങ്ങി ഓരോ സ്റ്റേഷനിലും കയറിയിറങ്ങിയ അനുഭവങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചിത്രത്തിൽ എടുത്ത് കാണിക്കുന്നുണ്ട്. പോലീസ് പ്രതികളോടൊപ്പം കൂടിനിന്ന് അവരെ സംരക്ഷിച്ചുകൊണ്ട് ഏത് കൊലപാതകവും ജീവനൊടുക്കിയതാക്കുന്ന ഒരു പ്രതീതി ഇതിനകത്ത് അവര്‍ കൊണ്ടുവന്നിട്ടുണ്ട് എന്നായിരുന്നു ഷാജിയുടെ വാക്കുകൾ.
‘മാളികപ്പുറം‘ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് ആനദ് ശ്രീബാല. ഒരു ത്രില്ലർ ചിത്രം വിജയിക്കണമെങ്കിൽ അതിന്റെ തിരക്കഥ ബലമുള്ളതായിരിക്കണം എന്ന ആപ്തവാക്യം അടിവരയിടുന്ന രചനയാണ് ആനന്ദ് ശ്രീബാലയുടേത്. നൈറ്റ് ഡ്രൈവ്, കഡാവർ, പത്താം വളവ്, മാളികപ്പുറം എന്നീ ചിത്രങ്ങൾക്ക് രചന നിർവ്വഹിച്ച അഭിലാഷ് പിള്ളയുടെ വ്യത്യസ്തവും കരുത്തുറ്റതുമായ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. നവാഗതന്റെ പരാധീനതകളില്ലാതെ വിഷ്ണു വിനയ് പ്രൊഫഷണൽ ടച്ചോടെ തിരക്കഥയെ സമീപിച്ചപ്പോൾ മലയാള സിനിമക്ക് ലഭിച്ചത് എണ്ണം പറഞ്ഞ ഒരു ത്രില്ലർ ചിത്രമാണെന്ന് നിസ്സംശയം പറയാം.
അർജുൻ അശോകന്റെ നായികയായി അപർണ ദാസ് അഭിനയിച്ചിരിക്കുന്ന ആനന്ദ് ശ്രീബാലയിൽ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മാളവിക മനോജ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, തുഷാര പിള്ള എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജിന്റെ മനോഹരമായ ഈണങ്ങളും ചിത്രത്തിന് മുതൽകൂട്ടാണ്.