ആലപ്പുഴ : വ്യാജ വാർത്തകളുണ്ടാക്കി തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി നടൻ ശ്രീനാഥ് ഭാസി . കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുൽത്താനയെന്ന യുവതി നടൻമാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും താൻ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായി എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് തനിക്ക് ഇതിനെ പറ്റി അറിയില്ലെന്ന ശ്രീനാഥ് ഭാസിയുടെ പ്രതികരണം.ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും താരം പറഞ്ഞു
യുവതിക്ക് സിനിമാ മേഖലയിലെ മുൻനിര താരങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്ത് നിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവാണ് യുവതി കൊച്ചിയിൽ വിതരണം ചെയ്തതെന്നാണ് സൂചന.ഇവരിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് പിടികൂടുമ്പോൾ മക്കൾ ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ നാർക്കോട്ടിക് സർക്കിൾ ഇൻസ്പെക്ടർ മഹേഷും സംഘവുമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ക്രിസ്റ്റീന എന്ന തസ്ലീന തായ്ലൻഡിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചന.
എംഡിഎംഎയേക്കാൾ ലഹരി നൽകുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. തസ്ലീനയ്ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.