തന്റെ ദീർഘകാല സ്വപ്ന പദ്ധതിയായ മഹാഭാരതത്തിന്റെ ചലച്ചിത്രാവിഷ്കാരത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ആമീർ ഖാൻ. മഹാഭാരതം തന്റെ അവസാന സിനിമയാകുമെന്ന സൂചനയും ആമീർഖാൻ നൽകി . രാജ് ഷമാനിയുമായുള്ള സംവാദത്തിനിടെയാണ് സ്വപ്ന പദ്ധതിയായ മഹാഭാരതത്തെ പറ്റി ആമീർഖാൻ സംസാരിച്ചത്.
“ മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ ഒരു സ്വപ്നമാണ്. ജൂൺ 20 ന് പുറത്തിറങ്ങുന്ന ‘സിതാരേ സമീൻ പർ’ റിലീസ് ചെയ്തതിനുശേഷം ഞാൻ മഹാഭാരതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങും, ഒരിക്കൽ ഞാൻ അത് ചെയ്തുകഴിഞ്ഞാൽ, അതിനുശേഷം എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയേക്കാം, കാരണം ആ മെറ്റീരിയൽ വളരെ ശക്തമാണ്.” ആമീർഖാൻ പറഞ്ഞു.
വൈകാരികവും, വലുതും, ഗാംഭീര്യം നിറഞ്ഞതുമായ ഏടാണ് മഹാഭാരതം. ലോകത്തിൽ നിലനിൽക്കുന്നതെല്ലാം മഹാഭാരതത്തിൽ കാണാം . സിനിമ ചെയ്തുകൊണ്ടിരിക്കേ മരിക്കണം എന്നാണ് ആഗ്രഹം . നാമെല്ലാവരും പ്രതീക്ഷിക്കുന്ന ഒന്നാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാഭാരതത്തിനു ശേഷം വിരമിക്കലിനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകിയെങ്കിലും, കഴിയുന്നിടത്തോളം കാലം സിനിമയിൽ തുടരാനുള്ള ആഗ്രഹം ഉണ്ടെന്നും ആമീർഖാൻ പറഞ്ഞു.

