ഡബ്ലിൻ: മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക് ഇ-മെയിൽ സേവനങ്ങളിൽ തടസ്സം നേരിട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക പ്രശ്നം യൂറോപിലെ ദശലക്ഷക്കണക്കിന് ആളുകളെ സാരമായി ബാധിച്ചു.
ഇന്നലെ രാവിലെയോടെ തന്നെ ആളുകൾക്ക് ഇ-മെയിൽ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സങ്ങൾ അനുഭവപ്പെട്ടു. ഉച്ചയോടെ പ്രശ്നങ്ങൾ രൂക്ഷമായി. യൂറോപ്പിലുടനീളമുള്ള ഉപയോക്താക്കളെ പ്രശ്നം ബാധിച്ചു. യുഎസിലെ ചിലഭാഗങ്ങളിലും സാങ്കേതിക പ്രശ്നം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
സാങ്കേതിക പ്രശ്നം അനുഭവപ്പെട്ടതോടെ ആളുകൾ കൂട്ടത്തോടെ എക്സിൽ പരാതികൾ പങ്കുവച്ചു. ഇതോടെ പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റും രംഗത്ത് എത്തുകയായിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചിലയിടങ്ങളിൽ പ്രശ്നം പരിഹരിക്കപ്പെട്ടു.

