ന്യൂയോർക്ക്/ ഡബ്ലിൻ: ആഗോളതലത്തിൽ ജോലികൾ വെട്ടിക്കുറയ്ക്കാൻ പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ തോതിലുള്ള നിക്ഷേപം നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. ആഗോളതലത്തിൽ 30,000 തസ്തികകൾ വേണ്ടെന്ന് വയ്ക്കാനാണ് കമ്പനിയുടെ തീരുമാനം എന്നാണ് പ്രാഥമിക വിവരം.
എഐ സാങ്കേതിക വിദ്യയിൽ വൻ നിക്ഷേപം നടത്തുന്ന പശ്ചാത്തലത്തിൽ മറ്റ് ചിലവുകൾ കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ആളുകളെ പിരിച്ചുവിടുന്നത്. ഓഫീസിലെ ജീവനക്കാരെയാണ് നടപടി സാരമായി ബാധിക്കുക. 30,000 തസ്തികകൾ എന്നത് കമ്പനിയുടെ ആകെ തസ്തികകളുടെ പത്ത് ശതമാനം മാത്രമാണ്. എന്നാൽ നടപടി വിതരണ വിഭാഗം ജീവനക്കാരെയോ, വെയർ ഹൗസിലെ ജീവനക്കാരെയോ ബാധിക്കില്ല.
അതേസമയം കമ്പനിയുടെ തീരുമാനം ഐറിഷ് ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തതയില്ല. നിലവിൽ രാജ്യത്ത് ആറ് കേന്ദ്രങ്ങളിലാണ് ആമസോൺ പ്രവർത്തിക്കുന്നത്. ഡബ്ലിനിലെ ബാൽഡണിലെ ബിസിനസ് പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ആമസോൺ ഫുൾഫിൽമെന്റ് സെന്റർ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. 6,500 ജീവനക്കാരാണ് അയർലൻഡിൽ ആമസോണിന് ഉള്ളത്.

