ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ സസ്തനികളാണ് ജിറാഫുകൾ . നീളൻ കഴുത്തുണ്ടെങ്കിലും അധികം നേരം ഈ കഴുത്ത് താഴ്ത്തിപ്പിടിക്കാനാകാത്ത ഒരു പാവം ജീവിയാണ് ജിറാഫ് . കഴുത്തിന്റെ നീളം കാരണം തലയിലെ രക്തസമർദ്ദം കൂടുന്നതിനാലാണിത്. അധികനേരം തലതാഴ്ത്തി നിന്നാൽ ആശാന് തല കറങ്ങും. അതിനാലാണ് തല ഉയർത്തി മരക്കൊമ്പുകളിലെ ഇലകൾ ഇവർ ഭക്ഷണമാക്കുന്നത്.
ഓരോ ജിറാഫിനും മനുഷ്യന്റെ വിരലടയാളങ്ങൾ പോലെ തന്നെ ഒരു പ്രത്യേക പാറ്റേൺ പാടുകളുണ്ട്. ഈ പാടുകൾ, അവയ്ക്ക് അവയുടെ വ്യതിരിക്തമായ രൂപം നൽകുന്നതിനു പുറമേ, താപ നിയന്ത്രണത്തിലും സഹായിക്കുന്നു. അവയുടെ ശരീരത്തിലെ ചിഹ്നങ്ങൾ അധിക ശരീര താപം പുറത്തുവിടാൻ സഹായിക്കുന്ന രക്തക്കുഴലുകളുടെ ശൃംഖലയാൽ ചുറ്റപ്പെട്ടിരിക്കുന്നവയാണ്.
പശ്ചിമ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നത് നുബിയൻ ജിറാഫ്, കോർഡോഫാൻ ജിറാഫ്, പശ്ചിമാഫ്രിക്കൻ ജിറാഫുകളാണെന്നാണ് വിദഗ്ധർ പറയുന്നത് . മസായ് ജിറാഫിനെയാണ് തെക്കൻ കെനിയയിലും ടാൻസാനിയയിലും കാണപ്പെടുന്നത്.തെക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്നതാകട്ടെ അംഗോളൻ ജിറാഫുകളാണധികവും.
പൊതുവെ ശാന്തരായ മൃഗങ്ങളാണ് ജിറാഫുകൾ . അവയുടെ ആശയവിനിമയത്തിന്റെ ഭൂരിഭാഗവും ശരീരഭാഷയിലൂടെയാണ് വ്യക്തമാക്കുന്നത് .ജിറാഫുകൾ 14 മുതൽ 19 അടി വരെ ഉയരത്തിൽ വളരുന്നു, അവയുടെ കഴുത്തിന് മാത്രം ഏകദേശം 6 അടി നീളമുണ്ട്. മറ്റ് സസ്യഭുക്കുകൾക്ക് എത്താൻ കഴിയാത്ത മരക്കൊമ്പുകളിലെ ഇലകളിലും ഇവയ്ക്ക് നോട്ടമെത്തും. എന്നാൽ വെള്ളം കുടിക്കുമ്പോൾ അവയുടെ കഴുത്ത് നിലത്ത് എത്താൻ വളരെ ബുദ്ധിമുട്ടാണ്.
അവയുടെ ഹൃദയങ്ങൾക്ക് മാത്രം ഏകദേശം 2 അടി നീളമുണ്ട്, 25 പൗണ്ട് ഭാരവും . രക്തം വലിയ ഉയരങ്ങളിലേക്ക് പമ്പ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഹൃദയത്തിന്റെ ഘടന.18 ഇഞ്ച് വരെ നീളമുള്ളവയാണ് അവയുടെ നാവുകൾ. ജിറാഫുകൾ സാധാരണയായി നിന്നുകൊണ്ട് ഉറങ്ങുന്നു, ആവശ്യമെങ്കിൽ വേട്ടക്കാരിൽ നിന്ന് വേഗത്തിൽ രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്യുന്നത്. അവ അപൂർവ്വമായി മാത്രമേ കിടക്കാറുള്ളൂ, അതു അൽപ്പ സമയത്തേക്ക് മാത്രമായിരിക്കും. അവ സാധാരണയായി 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെയാണ് ഉറങ്ങുക.