ഡബ്ലിൻ: ഗ്രാസ് സീഡ് ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മൃഗസംരക്ഷണ സംഘടനയായ ദി ഐറിഷ് ബ്ലൂ ക്രോസ്. ഗ്രാസ് സീഡുകൾ വിളഞ്ഞു തുടങ്ങിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിത്തുകൾ നായ്ക്കൾക്ക് സാരമായ പരിക്കുകൾ ഉണ്ടാകുന്നതിന് കാരണമായേക്കാമെന്ന് ഐറിഷ് ബ്ലൂ ക്രോസ് വ്യക്തമാക്കി.
വേനൽക്കാലങ്ങളിലാണ് ഗ്രാസ് സീഡുകൾ വിളയുക. ചെറിയ കൂർത്ത വിത്തുകളാണ് ഇവ. ഇത് നായ്ക്കളുടെ ശരീരത്തിൽ വേഗം തുളച്ചുകയറുകയും പരിക്കിന് കാരണമാകുകയും ചെയ്യും. അതിനാലാണ് ജാഗ്രത പാലിക്കണമെന്ന് സംഘടന വ്യക്തമാക്കുന്നത്.
കണ്ണ്, ചെവി, വാൽ, കാലുകൾ എന്നിവിടങ്ങളിലാണ് ഈ വിത്തുകൾ തുളച്ചു കയറാനുള്ള സാദ്ധ്യത കൂടുതൽ ഉളളത്. പുറത്തുപോയി എത്തിയതിന് ശേഷം നായ്ക്കളിൽ വീക്കമോ രക്തസ്രാവമോ കണ്ടാൽ വിശദമായി പരിശോധിക്കേണ്ടതാണെന്നും ഐറിഷ് ബ്ലൂ ക്രോസ് വ്യക്തമാക്കി.

