ക്വാലാലംപൂർ: ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് അണ്ടർ 19 ടി20 വനിതാ ലോകകിരീടം നിലനിർത്തി ഇന്ത്യ. തൃഷ ഗോങ്കടിയുടെ ഓൾ റൗണ്ട് മികവിന്റെ കരുത്തിലാണ് ഇന്ത്യയുടെ തകർപ്പൻ ജയം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ, ഇന്നിംഗ്സിലെ അവസാന പന്തിൽ വെറും 82 റൺസിന് ഇന്ത്യ പുറത്താക്കി. മറുപടി ബാറ്റിംഗിൽ 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി തൃഷ 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ്മ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ശബ്നം ഷകീലിന് ഒരു വിക്കറ്റ് ലഭിച്ചു. 23 റൺസെടുത്ത മീക്ക് വാൻ വൂഴ്സ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ദക്ഷിണാഫ്രിക്ക ഉയർത്തിയ ദുർബലമായ ടോട്ടൽ കരുതലോടെ ബാറ്റ് വീശിയ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 8 റൺസെടുത്ത കമാലിനിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ബൗളിംഗിന് പിന്നാലെ ബാറ്റിംഗിലും കരുത്ത് കാട്ടിയ തൃഷ 44 റൺസുമായും സനിക ചൽകെ 26 റൺസുമായും പുറത്താകാതെ നിന്നു. ടൂർണമെന്റിന്റെ താരവും ഫൈനലിലെ താരവും തൃഷ തന്നെയാണ്.