ന്യൂഡൽഹി ; കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ രാഷ്ട്രീയ ഭൂമിക തന്നെ മാറ്റി മറിയ്ക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ലോക്സഭയിലെ അംഗബലം 850 സീറ്റുകളായി ഉയർത്താനുള്ള നീക്കം അധികാരം എന്നും സ്വന്തമാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയതന്ത്രമാണെന്നും രാഹുൽ ആരോപിച്ചു.
ലോക്സഭയിലെ അംഗബലം 850 സീറ്റുകളായി ഉയർത്താനുള്ള നീക്കം, ഇന്ത്യയുടെ രാഷ്ട്രീയ ഭൂമിക മാറ്റിമറിക്കാനും അധികാരം നിലനിർത്താനുമുള്ള ബിജെപിയുടെ ഒരു രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ പരാമർശം.മണ്ഡല പുനർനിർണ്ണയത്തിനുള്ള മറയായി വനിതാ സംവരണത്തെ ഉപയോഗിക്കുകയാണ് ബിജെപി. 33 ശതമാനം വനിതാ സംവരണം ഇതിനകം പാർലമെന്റ് പാസാക്കിയതാണെന്നും രാഹുൽ പറഞ്ഞു.
അസം, ബിഹാർ, കശ്മീർ എന്നിവിടങ്ങളിലെ മണ്ഡല പുനർനിർണ്ണയ നടപടികൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. നിർദ്ദിഷ്ട നിയമം ബിജെപിയ്ക്ക് അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതാനുള്ള അവസരമൊരുക്കുമെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വീഴ്ച്ച വന്ന വിവരം പുറത്ത് വന്നതോടെ പരിശോധനകളിൽ നിന്ന് രക്ഷപെടാൻ ബിജെപി പുതിയ വഴികൾ തേടുകയാണ്.
തങ്ങൾ നടത്തിയ സർവ്വേയിൽ 80 ശതമാനം ഇന്ത്യക്കാരും , ജെൻ സെഡ് വിഭാഗത്തിൽപ്പെട്ട നൂറ് ശതമാനം പേരും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ്. എട്ട് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും രാഹുൽ പറഞ്ഞു.

