മലപ്പുറം : കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് ലഹരിമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്രസംഘത്തിലെ പ്രധാനിയായ നൈജീരിയൻ പൗരനെയും, ഭാര്യയെയും മുംബൈയിലെത്തി അറസ്റ്റ് ചെയ്ത് മലപ്പുറം പൊലീസ് . കൊണ്ടോട്ടി ലഹരിമരുന്ന് കേസിലെ വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിലെ നിർണായകമായ വഴിത്തിരിവാണിത്.
നൈജീരിയൻ പൗരനായ പോൾ ഒഗുബോണ്ണ (40 ) , ഭാര്യ ആരതി (42) എന്നിവരാണ് പിടിയിലായത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത വിവിധ ലഹരിമരുന്ന് കേസുകളിലെ പ്രതികളാണിവർ. മുംബൈയിലും പോളിനെതിരെ കേസ് നിലവിലുണ്ട്. ഇവരുടെ താമസസ്ഥലത്ത് നിന്ന് ഏകദേശം 2 ലക്ഷം രൂപയും മൊബൈൽ ഫോണുകളും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട രേഖകളും പോലീസ് പിടിച്ചെടുത്തു.
ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച പണം വിദേശത്തേയ്ക്ക് മാറ്റാനും, നൈജീരിയയിലേയ്ക്ക് കടക്കാനും ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ് .ഉൽവെയിൽ വെച്ചാണ് കൊണ്ടോട്ടി ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇരുവരെയും പിടികൂടിയത്.
ജൂൺ 26 ന് കൊണ്ടോട്ടി അരൂർ സ്വദേശിയായ രതീഷിൽ നിന്ന് എം ഡി എം എ പിടികൂടിയതോടെയാണ് സംസ്ഥാനത്തേയ്ക്കുള്ള ലഹരിമരുന്ന് കടത്തിനെ പറ്റി അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കേരളത്തിലേക്കും കർണാടകയിലേക്കും ലഹരിമരുന്ന് എത്തിക്കുന്ന അന്തർസംസ്ഥാന ശൃംഖലയുടെ പങ്ക് വെളിപ്പെടുകയായിരുന്നു.
പോൾ കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലാണ് താമസിക്കുന്നത് . 8 വർഷം മുൻപാണ് ആരതിയെ വിവാഹം കഴിച്ചത്. മുംബൈ കേന്ദ്രീകരിച്ചാണ് ഇവർ ലഹരിക്കടത്ത് നടത്തിയിരുന്നത് . ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പല ബാങ്കുകളിലായുള്ള അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചിരുന്നത്. പോളും , ആരതിയും പിടിയിലായതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്തോളം പേർ ഈ കേസിൽ പിടിയിലായിട്ടുണ്ട്.

