തിരുവനന്തപുരം : എൽ പി എസ് ടി സമരസമിതിയുമായി ചർച്ചയ്ക്ക് തയ്യാറായി സർക്കാർ . ഉദ്യോഗാർത്ഥികളുമായി വിദ്യാഭ്യാസമന്ത്രിയാകും ചർച്ച നടത്തുക. മുഖ്യമന്ത്രി വിഡി സതീശന്റെ ഇടപെടലാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത് . നിരാഹാരസമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് ചർച്ചയ്ക്ക് ശേഷമായിരിക്കുമെന്ന് സമരസമിതി നേതാവ് എസ് വളർമതി അറിയിച്ചു.
അതേസമയം വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ് . വളർമതിയുടെ ശരീരത്തിലെ സോഡിയം , മഗ്നീഷ്യം എന്നിവയുടെ അളവ് കുറയുകയാണെന്നും നിരാഹാരം അവസാനിപ്പിച്ചില്ലെങ്കിൽ അവസ്ഥ മോശമാകുമെന്നും ഡോക്ടർമാർ അറിയിച്ചു. കൂടാതെ ഇന്ന് വളർമതിയെ സന്ദർശിച്ച കലക്ടർ അഞ്ചു കെ എസ് വളർമതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നിരാഹാരം അവസാനിപ്പിച്ചില്ലെങ്കിൽ ബോധക്ഷയത്തിലേയ്ക്ക് പോകുമെന്നും അറിയിച്ചിരുന്നു.
എന്നാൽ വളർമതിയുടെ നിരാഹാരസമരത്തിൽ ബലപ്രയോഗത്തിലൂടെ ആരോഗ്യ വകുപ്പ് ഒന്നും ചെയ്യില്ലെന്നും അവരുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രമേ ആരോഗ്യവകുപ്പ് തുടർനടപടികൾ സ്വീകരിക്കൂവെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വളർമതി രംഗത്തെത്തിയിരുന്നു . പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാമെന്ന് വി ഡി സതീശൻ തെളിയിച്ചുവെന്നും സർക്കാരിന്റെ ധാർഷ്ട്യമാണ് സമരപ്പന്തൽ പൊളിക്കുന്നതിലൂടെ കണ്ടതെന്നും വളർമതി പറഞ്ഞിരുന്നു. നിലപാടുകളുടെ രാജകുമാരൻ എന്ന് പറയുന്ന് വ്യക്തി നിലപാടുകൾ മാറ്റി പറയുകയാണെന്നും മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് വളർമതി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സമരസമിതിയുമായി ചർച്ച നടത്തണമെന്ന നിലപാട് വിഡി സതീശൻ കൈക്കൊണ്ടതെന്നാണ് സൂചന.

