തിരുവനന്തപുരം : സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പൊളിച്ചു നീക്കിയതിനെതിരെയാണ് പിണറായി വിജയന്റെ വിമർശനം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാരുടെ പേരിൽ നടത്തിയ സമരത്തെ തകർക്കുന്നതിന് വേണ്ടി പന്തൽ പൊളിക്കുന്നതിന് ആരും പോയിട്ടില്ല. അന്ന് ആ സമരത്തെ മണിക്കൂർ വച്ച് പോയി അഭിവാദ്യം ചെയ്തു സർക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോൾ എൽപിഎസ് ടി സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി എത്തിയത്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അസഹിഷ്ണുതയാണ് ഇത് വ്യക്തമാക്കുന്നതെന്നും , വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നതെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതി സർക്കാർ തുടരുകയാണ്.
വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?
സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡൽഹിയിൽ നരേന്ദ്രമോഡിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വിഡി സതീശൻ്റേയും യുഡിഎഫിൻ്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയർന്നു വരണം.