തിരുവനന്തപുരം : സമരപന്തൽ പൊളിച്ചു നീക്കിയെങ്കിലും സമരം തുടരുമെന്ന നിലപാടിൽ എൽ പി എസ് ടി ഉദ്യോഗാർത്ഥികൾ . പൊലീസ് നടപടിക്കെതിരെ ഇന്ന് കൂടുതൽ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. സമരപ്പന്തൽ പൊളിച്ചതിൽ പ്രതിഷേധിച്ച് താൽക്കാലിക പന്തൽ കെട്ടിയിരിക്കുകയാണ് ഡി വൈ എഫ് ഐ . വളർമതിയ്ക്ക് പകരം എം ജയകൃഷ്ണൻ നിരാഹാരസമരം ഏറ്റെടുത്തിരിക്കുകയാണ്.
ഇന്നലെ രാത്രിയോടെ ഭരണസിരാകേന്ദ്രത്തിന്റെ പരിസരം സാക്ഷ്യം വഹിച്ചത് വലിയ പ്രതിഷേധങ്ങൾക്കാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ . കാസർകോട് സ്വദേശിയായ എം ജയകൃഷ്ണനാണ് ഇപ്പോൾ വളർമതിയ്ക്ക് പകരമായി സമരമേറ്റെടുത്ത് നയിക്കുന്നത് . വളർമതിയെ ഇന്നലെ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
ഡിവൈഎഫ്ഐ പന്തൽ കെട്ടാൻ ശ്രമിച്ചത് പൊലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു. ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ചയും സമരപ്പന്തലിൽ എത്തി. ഉദ്യോഗാർത്ഥികൾക്കൊപ്പം റിലേ നിരാഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എസ് സുജാതയടക്കമുള്ള നേതാക്കളും സമരപ്പന്തലിൽ എത്തിയിരുന്നു. ഇന്ന് പൊലീസ് നടപടിയ്ക്കെതിരെ കൂടുതൽ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത.
യുഡിഎഫ് സർക്കാരിന്റേത് ജനാധിപത്യ സമരത്തോടുള്ള അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുറ്റപ്പെടുത്തി. അതേസമയം പന്തൽ പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് നൽകിയതായാണ് പൊലീസ് പറയുന്നത് . സെക്രട്ടറിയേറ്റിന് മുന്നില് പന്തല് കെട്ടി സമരം ചെയ്യരുതെന്ന നിയമവശം ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ്.

