ഡബ്ലിൻ:അയർലൻഡിൽ മഞ്ഞിനെ തുടർന്ന് ഏർപ്പെടുത്തിയ മുന്നറിയിപ്പുകൾ സമയത്തിന് മുൻപേ പിൻവലിച്ചു. യെല്ലോ വാണിംഗ് ഏർപ്പെടുത്തിയതിന് പിന്നാലെയുള്ള മണിക്കൂറുകളിൽ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് നേരത്തെ തന്നെ മുന്നറിയിപ്പുകൾ പിൻവലിച്ചത്. 13 കൗണ്ടികളിലാണ് വളരെ വേഗത്തിൽ കാലാവസ്ഥ മെച്ചപ്പെട്ടത്.
അതിശക്തമായ മഞ്ഞ് കൗണ്ടികളിൽ ലഭിക്കുമെന്നായിരുന്നു മെറ്റ് ഐറാന്റെ പ്രവചനം. ഇതിന്റെ ഫലമായി വാഹന യാത്രികർക്ക് യാത്രയ്ക്കിടെ തടസ്സം നേരിട്ടേക്കാം. അപകട സാധ്യത കണക്കിലെടുത്ത് ഇന്ന് രാവിലെ 11 മണിവരെയാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ 13 കൗണ്ടികളിലെ വാണിംഗ് 9 മണിയോടെ തന്നെ നീക്കുകയായിരുന്നു. കാവൻ, ഡൊണഗൽ, ലോംഗ്ഫോർഡ്, ലൗത്ത്, മീത്ത്, മൊനാഘൻ, വെസറ്റ്മീത്ത് എന്നിവിടങ്ങളിലും കൊണാച്ചിലും വാണിംഗ് 11 മണിവരെ തുടർന്നു.

