കൊച്ചി : കാക്കനാട് ബസിടിച്ച് ഐ ടി ജീവനക്കാരി മരിച്ച സംഭവത്തിലെ ബസ് ഡ്രൈവർ എട്ട് കേസുകളിലെ പ്രതിയെന്നത് ഞെട്ടിക്കുന്നുവെന്ന് ഹൈക്കോടതി. അപകടമുണ്ടാക്കുന്ന ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല കാലന്മാരാണെന്നും കോടതി അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച്ചയാണ് കാക്കാനാട് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി അക്ഷര (28) ബസിടിച്ച് മരിച്ചത്. അപകടമുണ്ടാക്കിയ മലയിൽ എന്ന ബസിന്റെ ഡ്രൈവർ സി കെ ബിനോയി ലഹരി, അടിപിടിക്കേസുകളിൽ അടക്കം പ്രതിയാണ്. അപകടമുണ്ടാക്കിയ സമയത്ത് ബിനോയിയുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ബസ് ഉടമ അപേക്ഷിച്ചിരുന്നു എന്ന കാര്യവും പുറത്ത് വന്നു. ബിനോയി ഇത്രയധികം കേസുകളിൽ പ്രതിയാണെന്ന കാര്യം ബസ് ഉടമ മറച്ചു വച്ചതാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
‘ ഇത്തരമൊരു സംഭവമുണ്ടായാൽ അയാൾ പിന്നിടൊരിക്കലും വാഹനം ഓടിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ബസുകൾ പിന്നിൽ നിന്ന് ഉച്ചത്തിൽ ഹോൺ മുഴക്കി മറ്റുള്ളവരെ പേടിപ്പിച്ച് ഓടിക്കുകയാണ്. അവർ വരുമ്പോൾ മറ്റുള്ളവർ മാറിപ്പോകണം എന്നാണ്. അവർ എവിടെയാണ് നിയമത്തെ ഭയക്കുന്നത് . അവരെന്താ റോഡിലെ തമ്പുരാക്കന്മാരാണോ ?
യഥാർത്ഥത്തിൽ അവർ റോഡിലെ കാലന്മാരാണ്. വീട്ടിൽ തിരിച്ചെത്തുമെന്ന് നമുക്ക് എന്തുറപ്പാണുള്ളത്. ഭ്രാന്തു പിടിച്ചതു പോലെയാണ് ഡ്രൈവർമാർ വാഹനമോടിക്കുന്നത്. സാധാരണ മനുഷ്യർ എന്തുചെയ്യും? കുറച്ചു മാസം മുമ്പ് ഒരു ബസ് നടപ്പാതയിലൂടെ കയറിവന്നപ്പോൾ ഒരാൾ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. പക്ഷെ ഇത്തവണ ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടമായി. ആരുടെയൊക്കെയോ അമ്മയോ, സഹോദരിയോ, ഭാര്യയെയോ ഒക്കെയാണ് മരിക്കുന്നത്. ഒന്നും പകരം വയ്ക്കാൻ കഴിയാത്തതാണ് ജീവിതം .
ഉരുക്കുമുഷ്ടി കൊണ്ടു വേണം ഇതിനെ നേരിടാൻ. ഒരാഴ്ച്ചക്കുള്ളിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരിക്കണം , ഡ്രൈവറെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രമായില്ല. ബസിന്റെ ഉടമയ്ക്കും, നടത്തിപ്പുകാർക്കുമൊക്കെ ഉത്തരവാദിത്വമുണ്ടെന്നും “ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

