ഓട്ടോ ഡ്രൈവറായിരുന്ന അച്ഛൻ മരണപ്പെട്ടതോടെ ഇരുളിലായിപ്പോയ അഞ്ജനയുടെയും അമ്മയുടെയും സ്വപ്നങ്ങൾക്ക് കരുതലിന്റെ സ്നേഹസ്പർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. “പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്, പക്ഷേ തലചായ്ക്കാൻ സുരക്ഷിതമായ ഒരിടമില്ല “ എന്ന് സങ്കടം പറഞ്ഞ അഞ്ജനയ്ക്ക് വീട് നിർമ്മിച്ചു നൽകാൻ മാത്രമല്ല പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. മനസിൽ ഉറപ്പിച്ച വാക്ക് പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ പങ്ക് വച്ചു.
മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നുള്ള 4 ലക്ഷം രൂപയും, ഒപ്പം ബി.ജെ.പി പ്രവർത്തകരുടെയും സ്നേഹസമ്പന്നരായ നാട്ടുകാരുടെയും പ്രയ്ത്നവും ഒത്തുചേർന്നപ്പോൾ അഞ്ജനയ്ക്ക് വീടൊരുക്കാൻ കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറയുന്നു.
‘ “പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്, പക്ഷേ തലചായ്ക്കാൻ സുരക്ഷിതമായ ഒരിടമില്ല…” — ഒരു യുദ്ധസ്മാരക സമർപ്പണ ചടങ്ങിനെത്തിയപ്പോൾ,കണ്ണീരോടെയെത്തി ഉള്ളുതുറന്ന സങ്കടം പറഞ്ഞ അഞ്ജന എന്ന ആ മകളുടെ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന അച്ഛൻ മരണപ്പെട്ടതോടെ, പണി പാതിവഴിയിലായ ആ കൊച്ചുവീടും അവരുടെ സ്വപ്നങ്ങളും ഒരുപോലെ ഇരുളിലായിപ്പോയ നിമിഷം. അന്ന് അഞ്ജനയുടെയും അമ്മയുടെയും സങ്കടം കണ്ട് ആശ്വസിപ്പിച്ചപ്പോൾ ചിലർ അതിനെപ്പോലും പരിഹസിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ, ആ മകൾക്ക് തലചായ്ക്കാൻ സുരക്ഷിതമായ ഒരു വീടൊരുക്കുമെന്നത് അന്ന് മനസ്സിലുറപ്പിച്ച ഒരു വാക്കാണ്. എന്റെ മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നുള്ള 4 ലക്ഷം രൂപയും, ഒപ്പം ബി.ജെ.പി പ്രവർത്തകരുടെയും സ്നേഹസമ്പന്നരായ നാട്ടുകാരുടെയും നിസ്വാർത്ഥമായ പ്രയത്നവും ചേർന്നപ്പോൾ ആ കണ്ണീരിന് ഇന്ന് വിരാമമായിരിക്കുന്നു.
ഉള്ളിയേരിയിലെത്തി ആ സ്വപ്നഭവനത്തിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനും, പുതിയ വീടിന്റെ താക്കോൽ അവർക്ക് കൈമാറാനും സാധിച്ചു. ആ അമ്മയുടെയും മകളുടെയും മുഖത്ത് വിരിഞ്ഞ ആശ്വാസത്തിന്റെ ചിരിയാണ് ഒരു ജനപ്രതിനിധി എന്നതിലുപരി, ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ പുണ്യം.
ഇതൊരു രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു സന്ദേശമാണ്. നാടിന്റെ നന്മയ്ക്കായി നമ്മളെപ്പോലുള്ള ഓരോ സാധാരണ പൗരന്മാരും ഒരുമിച്ചു നിന്നാൽ, ഇനിയും ഒട്ടേറെ പെൺമക്കളുടെ ജീവിതത്തിന് തണലാകാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നമുക്ക് സാധിക്കും.
ഇനി അഞ്ജനയ്ക്ക് ഒരു ഭയവുമില്ലാതെ, പൂർണ്ണ ആത്മവിശ്വാസത്തോടെ പഠിച്ച് വലിയ സ്വപ്നങ്ങളിലേക്ക് മുന്നേറാം. അഞ്ജനയ്ക്കും അമ്മയ്ക്കും ഈ ഭവനത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും സമാധാനവും നേരുന്നു. ഈ വലിയ ഉദ്യമം യാഥാർത്ഥ്യമാക്കാൻ കൈകോർത്ത ഓരോ നല്ല മനസ്സുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ‘ എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾ.

